'ഒറ്റക്ക് നിൽക്കണം, മത്സരിക്കണം': മഹാവികാസ് അഘാഡി സഖ്യം വിടാൻ ഉദ്ധവിന് മേൽ നേതാക്കളുടെ സമ്മർദം

കോൺഗ്രസുമായി ചേർന്നതോടെ സ്ഥാപകൻ ബാൽ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് ഉദ്ധവ് വിഭാഗത്തിനിടയില്‍ പറച്ചിലുണ്ട്.

Update: 2024-11-28 04:32 GMT
Editor : rishad | By : Web Desk

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിൽ അസ്വസ്ഥത. സഖ്യം വിടാനും സ്വതന്ത്രമായി നിൽക്കാനും പാർട്ടി തലവൻ ഉദ്ധവ് താക്കറെക്ക്  മേൽ നേതാക്കൾ സമ്മർദം ചെലുത്തുന്നതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ ജയിച്ച 20 നിയുക്ത എംഎൽഎമാരിൽ ഭൂരിഭാഗവും ഇക്കാര്യം ആവശ്യപ്പെട്ടതായി ദി ഇന്ത്യൻ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ തിങ്കളാഴ്ച ഇവരുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന താഴെതട്ടിൽ നടത്തിയ പ്രകടനം ഉദ്ധവ് വിഭാഗത്തെ അപ്രസക്തമാക്കിയെന്നും ഇങ്ങനെ പോയാൽ വൻ ക്ഷീണം സംഭവിക്കുമെന്നും പ്രാദേശിക നേതാക്കൾ മുകളിലുള്ളവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Advertising
Advertising

അതേസമയം സഖ്യം വിട്ടുപോകുന്നതിനോട് ഉദ്ധവ് താക്കറെക്കോ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിനോ യുവനേതാവും പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവുമായ ആദിത്യ താക്കറെക്കോ താൽപര്യമില്ല. ബിജെപിക്കെതിരെയുള്ളൊരു സംയുക്ത പ്രതിപക്ഷ സഖ്യം എന്ന നിലയിൽ മഹാവികാസ് അഘാഡിയെ കൊണ്ടുപോകാനാണ് ഇവർ താത്പര്യപ്പെടുന്നത്.

ഉദ്ധവ് വിഭാഗം ശിവസേന സ്വതന്ത്ര പാത സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദൻവെ പറഞ്ഞു. '' ഒരു സഖ്യത്തെയും ആശ്രയിക്കാതെ സ്വന്തമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സമയമായെന്ന് പല എംഎൽഎമാരും കരുതുന്നുണ്ട്. ശിവസേന ഒരിക്കലും അധികാരത്തെ പിന്തുടരുന്നവരല്ല. നമ്മുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുമ്പോൾ അധികാരം സ്വാഭാവികമായും വരുംമെന്നും ഉദ്ധവ് വിഭാഗം ശിവസേന നേതാവ് കൂടിയായ അംബാദാസ് ദൻവെ പറഞ്ഞു. സ്വതന്ത്രമായി നിന്നാൽ പാർട്ടി കൂടുതൽ കരുത്ത് നേടുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഹിന്ദുത്വ ആശയത്തില്‍ വെള്ളംചേര്‍ത്തുവെന്ന ബിജെപി ഉള്‍പ്പെടെയുള്ളവരുടെ ആരോപണം തിരിച്ചടിയാകുന്നുവെന്ന തോന്നലുണ്ടെന്ന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഒരു നേതാവ് പറഞ്ഞു.

'മറാത്ത പ്രാദേശികവാദത്തിനും ഹിന്ദുത്വയ്ക്കും വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് ശിവസേന. മതനിരപേക്ഷ- സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസും എന്‍സിപിയും നിലനിന്നത്. ഹിന്ദു വോട്ട് ഏകീകരിച്ച് ബിജെപി വന്‍വിജയം നേടിയതിന് പിന്നാലെ, എന്‍സിപിയേയും കോണ്‍ഗ്രസിനേയും ഉള്‍ക്കൊള്ളാന്‍ ശിവസേന ഹിന്ദുത്വ ആശയത്തില്‍ വെള്ളംചേര്‍ത്തുവെന്ന് ആരോപിക്കപ്പെടുന്നുണ്ട്'- പേര് വെളിപ്പെടുത്താത്ത, ആ നേതാവ് പറഞ്ഞു. 

കോൺഗ്രസുമായി ചേർന്നതോടെ സ്ഥാപകൻ ബാൽ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് ഉദ്ധവ് വിഭാഗത്തിനിടയില്‍ പറച്ചിലുണ്ട്. പാര്‍ട്ടി പേരും അതോടൊപ്പം ചിഹ്നവും നഷ്ടപ്പെട്ടതും പാര്‍ട്ടിയെ തളര്‍ത്തി. എന്നാല്‍ ഉദ്ധവ് താക്കറെയുടെ കടുംപിടുത്തത്തിന് മുന്നില്‍ മുറുമുറുപ്പുകളെല്ലാം അടങ്ങുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനുകൂല വിധി വന്നതോടെ പാർട്ടിക്ക് തിരിച്ചെത്താനാവുമെന്ന് എല്ലാവരും കരുതി. പാർട്ടി പിളർത്തിയതിലെ സഹതാപം വോട്ടായി മാറും എന്നായിരുന്നു കണക്കുകൂട്ടൽ.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കനത്ത പ്രഹരമാണ് പാര്‍ട്ടിക്ക് നല്‍കിയത്. 95 സീറ്റുകളില്‍ മത്സരിച്ച ഉദ്ധവ് വിഭാഗം ശിവസേനക്ക് 20 സീറ്റുകളെ നേടാനായുള്ളൂ. കോണ്‍ഗ്രസ് നേടിയ 16ഉം ശരദ് പവാര്‍ എന്‍സിപി നേടിയ 10 ഉം ഉള്‍പ്പെടെ മഹാവികാസ് അഘാഡിയുടെ അക്കൗണ്ടിലെത്തിയത്‌ വെറും 46 സീറ്റുകള്‍. എംഎല്‍എമാരുടെ എണ്ണം കൊണ്ട് സഖ്യത്തില്‍ ഉദ്ധവ് വിഭാഗമാണ് മുന്നില്‍. 9.96% വോട്ടുകളാണ് നേടിയത്. ആറ് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 16.72% വോട്ടുകൾ നേടിയ ഇടത്ത് നിന്നാണ് ഏഴ് ശതമാനത്തോളം വോട്ട് കുറഞ്ഞത്. 

അതിനാല്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനൊപ്പം ഷിന്‍ഡെ ശിവസേനയിലേക്കുള്ള പ്രവര്‍ത്തകരുടെ പോക്ക് തടയുന്നതിനും ഉള്ള ഏക മാര്‍ഗം ഒറ്റക്ക് നില്‍ക്കലാണെന്നാണ് ചില ഉദ്ധവ് വിഭാഗം നേതാക്കള്‍ പറയുന്നത്. 2022ൽ പാർട്ടിയിലുണ്ടായ പിളർപ്പിൽ സേനയുടെ ഭൂരിഭാഗം എംഎൽഎമാരെയും എംപിമാരെയും ഏകനാഥ് ഷിൻഡെ കൊണ്ടുപോയിരുന്നു. തളര്‍ന്നു കിടക്കുന്നതിനിടെ ഇനിയൊരു കൊഴിഞ്ഞുപോക്ക് കൂടി താങ്ങാനാവില്ലെന്ന വികാരമാണ് നേതാക്കള്‍ പങ്കുവെക്കുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News