ആഡംബര കാറുകളോട് ഭാര്യക്ക് പ്രിയം; ഷോറൂമിൽ നിന്ന് 23 ലക്ഷത്തിൻ്റെ കാർ മോഷ്ടിച്ച് ജീവനക്കാരൻ; ഒരു മാസം ചുറ്റിനടന്നിട്ടും ആരും അറിഞ്ഞില്ല!

കാറിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ജിപിഎസ് ട്രാക്കിങ് സിസ്റ്റം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി

Update: 2026-11-02 03:32 GMT

ഭോപ്പാൽ: ഭോപ്പാലിലെ ഫോക്‌സ്‌വാഗൺ ഷോറൂമിൽ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന കാർ മോഷ്‌ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. ഷോറൂം ജീവനക്കാരനായ ഗജേന്ദ്ര എന്ന ഋഷി ആനന്ദാണ് ഒരു മാസത്തിന് ശേഷം എംപി നഗർ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബർ 28ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മറ്റൊരാൾ ബുക്ക് ചെയ്‌ത് ഷോറൂമിൽ സൂക്ഷിച്ചിരുന്ന പുതിയ ഫോക്‌സ്‌വാഗൺ വിർടസ് ജിടി കാർ, ജീവനക്കാരനായ ഗജേന്ദ്ര തന്ത്രപരമായി കടത്തിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് കമ്പനി നടത്തിയ ഇൻ്റേർണൽ സ്റ്റോക്ക് പരിശോധനയിലാണ് വാഹനം കാണാനില്ലെന്ന വിവരം മാനേജ്‌മെന്റ് അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Advertising
Advertising

പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ല. തുടർന്ന് കാറിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ജിപിഎസ് ട്രാക്കിങ് സിസ്റ്റം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ജിപിഎസ് ലൊക്കേഷൻ പിന്തുടർന്ന പൊലീസ് നർമദാപുരം റോഡിലെ അഷിമാ മോളിന് സമീപത്ത് വാഹനമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വാഹനം കസ്റ്റഡിയിലെടുക്കുകയും ഗജേന്ദ്രയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഭാര്യയ്ക്ക് ആഡംബര കാറുകളോടുള്ള താല്പര്യമാണ് വാഹനം മോഷ്ടിക്കാൻ കാരണമെന്നാണ് വിവരം. പൊലീസ് വാഹനം തടയുമ്പോൾ ഭാര്യയാണ് ഓടിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ഓംകാർ സിങ് ഈ റിപ്പോർട്ടുകൾ തള്ളി. ഷോറൂമിലെ വാഹനങ്ങളും അവയുടെ താക്കോലുകളും എളുപ്പത്തിൽ ലഭ്യമായിരുന്ന വ്യക്തിയാണ് ഗജേന്ദ്ര. ഈ സൗകര്യം മുതലെടുത്താണ് ഇയാൾ ആസൂത്രിതമായി മോഷണം നടത്തിയതെന്ന് ഓംകാർ സിങ് പറഞ്ഞു.

മോഷണം നടത്താൻ പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. മോഷ്ടിച്ച വാഹനത്തിലാണ് യാത്ര ചെയ്യുന്നതെന്ന കാര്യം പ്രതിയുടെ ഭാര്യക്ക് അറിവുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വാഹനം മറിച്ചുവിൽക്കാൻ ശ്രമിക്കാതെ പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത് എന്തിനാണെന്ന കാര്യത്തിലും പൊലീസ് വ്യക്തത തേടുന്നുണ്ട്. 

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - അതുല്യ സെബാസ്റ്റ്യൻ

contributor

Similar News