'ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബ്രസീലിലേക്ക് കയറ്റി അയക്കണം, പട്ടിണി തുടച്ചുമാറ്റണം'; 1974ൽ പ്രധാനമന്ത്രിക്ക് ലഭിച്ച വിചിത്ര കത്ത്
മഹാകുടിയേറ്റ പദ്ധതിയെ കുറിച്ച്, 1974-ൽ ഇന്ത്യൻ പ്രസിഡന്റ് വി.വി ഗിരിക്കും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കും കേരളത്തിൽ നിന്നും ലഭിച്ച കത്ത് 'സ്ക്രോൾ.കോം' ആണ് പുറത്തുവിട്ടത്.
കടുത്ത ദാരിദ്ര്യത്തിനും പട്ടിണിമരണങ്ങൾക്കും സാക്ഷ്യം വഹിച്ച ചരിത്രമാണ് സ്വതന്ത്ര്യാനന്തര ഇന്ത്യക്കുള്ളത്. ദാരിദ്ര്യ നിർമാർജനത്തിനായി പല വഴികളും അന്വേഷിച്ചിരുന്ന ഇന്ത്യാ ഗവൺമെന്റിന് മുമ്പാകെ പണ്ടൊരിക്കൽ വന്ന വിചിത്രമായൊരു അപേക്ഷയായിരുന്നു, ലക്ഷക്കണക്കായ ഇന്ത്യൻ കർഷകരെ തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിലേക്ക് മാറ്റിത്താമസിപ്പിക്കണമെന്ന ആശയം. മഹാകുടിയേറ്റ പദ്ധതിയെ കുറിച്ച്, 1974-ൽ ഇന്ത്യൻ പ്രസിഡന്റ് വി.വി ഗിരിക്കും പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കും കേരളത്തിൽ നിന്നും ലഭിച്ച കത്ത് 'സ്ക്രോൾ.കോം' ആണ് പുറത്തുവിട്ടത്.
'ഇന്തോ-ബ്രസീലിയൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ' എന്ന സംഘടനയുടെ പേരിലാണ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ബ്രസീലിലേക്കുള്ള ഭീമൻ കുടിയേറ്റത്തിന്റെ വിശദമായ പദ്ധതി തയ്യാറാക്കി അയച്ചത്. രാജ്യം നേരിടുന്ന ദാരിദ്ര്യത്തിനും പട്ടിണിമരണങ്ങൾക്കും കുടിയേറ്റം പരിഹാരമാകുമെന്നാണ് കത്തിൽ കുറിച്ചത്. ഒരു സാധാരണ കത്തെന്ന നിലയിൽ ചവറ്റുകുട്ടയിലേക്ക് എറിയുന്നതിന് പകരം, പദ്ധതിയുടെ സാധുത അറിയുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് ഈ നിർദേശങ്ങളടങ്ങിയ കത്ത് വിദേശകാര്യ മന്ത്രാലയത്തിലേക്ക് കൈമറാറുകയാണുണ്ടായതെന്നും 'സ്ക്രോൾ' റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയേക്കാൾ മൂന്നിരട്ടി വിസ്തൃതിയുള്ള ബ്രസീലിന്റെ ജനസംഖ്യ ഇന്ത്യയുടെ ഏഴിൽ ഒന്നേ വരൂ. ബ്രസീലിന്റെ വിശാലമായ കൃഷിയിടത്തിൽ ഇന്ത്യയിൽ നിന്നുള്ള നിപുണരായ കർഷകർ എത്തുന്നത് ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമായിരിക്കും. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ബ്രസീലിലെ വിഭവങ്ങൾ ഇരുരാജ്യങ്ങൾക്കും വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് പദ്ധതിരേഖ പറയുന്നു. നൂറ് ബില്യൺ യു.എസ് ഡോളറാണ് ഈ ഭീമൻ കുടിയേറ്റത്തിന് കണക്കാക്കുന്ന ചെലവ്. ഇതിൽ 40 ശതമാനം വീതം ചെലവ് ഇന്ത്യയും ബ്രസീലും ചേർന്ന് വഹിക്കണം. 20 ശതമാനം യുഎൻ ഏറ്റെടുക്കണം. പദ്ധതി നടത്തിപ്പിനായി ഒരു അന്താരാഷ്ട്രാ സ്റ്റാറ്റ്യൂട്ടറി ബോഡിയും രൂപീകരിക്കണം. ഇങ്ങനെ പോകുന്നു 'ബ്രസീൽ കുടിയേറ്റ പദ്ധതി'.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം വിഷയം ഗൗരവത്തിലെടുത്ത വിദേശകാര്യ മന്ത്രാലയം ആഴ്ചകൾക്കുള്ളിൽ രഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് അന്ന് സമർപ്പിക്കുകയായിരുന്നു. വൻസാമ്പത്തിക ചെലവുള്ള ലാറ്റിനമേരിക്കയിലേക്കുള്ള പ്രത്യേക കുടിയേറ്റ പദ്ധതി പ്രതീക്ഷിക്കുന്നവിധം പ്രയോജനകരമായിരിക്കില്ല, വിഷയത്തിൽ ബ്രസീൽ സർക്കാരിൽ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല എന്നിവയായിരുന്നു മന്ത്രാലയം പ്രധാനമന്ത്രിയെ അറിയിച്ചത്.