എഐ ഉപയോഗിച്ച് വിദ്യാർഥികളുടെ അശ്ലീല ചിത്രങ്ങള്‍ നിർമിച്ച സംഭവം; സഹപാഠി അറസ്റ്റിൽ
വിദ്യാർഥിയെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു
Photo | NDTV
ഭോപ്പാൽ; എഐ ഉപയോഗിച്ച് വിദ്യാർഥികളുടെ അശ്ലീല ചിത്രങ്ങൾ നിർമിച്ചെന്ന പരാതിയിൽ സഹപാഠി അറസ്റ്റിൽ. ശ്യാമപ്രസാദ് മുഖർജി ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ മൂന്നാം വർഷ വിദ്യാർഥി സയ്യിദ് റഹീം അദ്നാൻ ആണ് അറസ്റ്റിലായത്. വിദ്യാർഥിയെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
എഐ ഉപയോഗിച്ച് 36 വിദ്യാർഥിനികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ആക്ഷേപകരമായ രീതിയിലേക്ക് മാറ്റിയെന്നാണ് വിദ്യാർഥിക്കെതിരായ കേസ്. കഴിഞ്ഞ ഒക്ടോബർ ആറിനാണ് വിദ്യാർഥിനികൾ ഐഐടി അധികൃതർക്ക് പരാതി നൽകിയത്. പരാതിയെത്തുടർന്ന് കോളജിൽ അന്വേഷണ സമിതിരൂപീകരിക്കുകയും തുടർന്ന് വിദ്യാർഥിയുടെ ഹോസ്റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ നൂറ് കണക്കിന് ഫോട്ടോകളും വീഡിയോകളുമടങ്ങിയ ലാപ്ടോപും, മൊബൈൽ ഫോണും, പെൻഡ്രൈവും പിടിച്ചെടുക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിനായി പ്രതിയെ റായ്പൂരിലെത്തിച്ചിട്ടുണ്ടെന്നും ഇയാളുടെ ലാപ്ടോപും മൊബൈൽ ഫോണും പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ആയിരത്തിലധികം ചിത്രങ്ങളും വീഡിയോകളും ഇയാളുടെ കൈയ്യിലുണ്ടെന്നും ഇത് മറ്റുള്ളവരുമായി ഷെയർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.