അലിഗഢ് സർവകലാശാല പ്രതിഷേധത്തിനിടെ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചു; വിദ്യാർഥി നേതാവ് തൽഹ മന്നാനെതിരെ കേസ്

അലിഗഡ് മുൻ വിദ്യാർഥിയും ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥിയുമാണ് തൽഹ മന്നാൻ

Update: 2025-08-20 10:27 GMT

ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി (എഎംയു) യിലെ വിദ്യാർഥി പ്രതിഷേധത്തിനിടെ ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചതിനും, ഫീസ് വർധനവിനെതിരെയും സ്റ്റുഡന്റ്സ് യൂണിയൻ പുനഃസ്ഥാപിക്കുന്നതിനെ പിന്തുണച്ചതിനും സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (എസ്ഐഒ) ദേശീയ സെക്രട്ടറിയും അലിഗഡ് മുൻ വിദ്യാർഥിയുമായ തൽഹ മന്നാനും വിദ്യാർഥികൾക്കുമെതിരെ കേസെടുത്തു.

തിങ്കളാഴ്ച ഹിന്ദു രക്ഷാദൾ ജില്ലാ പ്രസിഡന്റ് സഞ്ജയ് ആര്യ സമർപ്പിച്ച പരാതിയിലാണ് കേസ്. പരാതിയിൽ പറയുന്ന ഒരു വിഡിയോയിൽ തൽഹ ഉൾപ്പെടയുള്ള വിദ്യാർഥികൾ ഫലസ്തീൻ പതാക വഹിച്ചുകൊണ്ട് ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നതായി കാണാം. ഇത് 'പ്രദേശത്തെ സാമൂഹിക സമാധാനത്തിനും ഐക്യത്തിനും ഭീഷണിയാണ്' എന്ന് അവകാശപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 223 (ഒരു പൊതുപ്രവർത്തകൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അനുസരണക്കേട്), 353(2) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം തൽഹ മന്നാനും മറ്റ് ഒമ്പത് വിദ്യാർഥികൾക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റിയിലെ (MANUU) വിദ്യാർഥി നേതാവും പിഎച്ച്ഡി വിദ്യാർഥിയുമാണ് തൽഹ മന്നാൻ.

Advertising
Advertising

അനധികൃതമായാണ് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധം നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. 'തൽഹ മന്നാനും 8–10 വിദ്യാർഥികളും  ഫലസ്തീനെ പിന്തുണച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ജനക്കൂട്ടത്തെ പലവിധത്തിൽ ഇളക്കിവിടുകയും ചെയ്തു. ഈ മുദ്രാവാക്യങ്ങളുടെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിഡിയോകളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിക്കുന്ന സ്കാർഫ് ധരിച്ചിരിക്കുന്നതായി തൽഹയെ കാണാം.' പരാതിയിൽ പറയുന്നു.

അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ (AMU) പെട്ടെന്നുള്ള ഫീസ് വർധനവിനെത്തുടർന്നും വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുക, സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുക എന്നിവ ആവശ്യപ്പെട്ടും വിദ്യാർഥികൾ ബാബ്-ഇ-സയ്യിദ് ഗേറ്റിൽ പ്രതിഷേധ പ്രകടനം നടത്തുകയാണ്. ആഗസ്റ്റ് 12 ന് ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കഫിയ ധരിച്ചാണ് തൽഹ പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതാണ് പരാതിക്ക് കാരണമായത്. 





Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News