കേരളം ഇസ്‌ലാമിക് സ്‌റ്റേറ്റാകുമെന്ന വി.എസിന്റെ പ്രസ്താവനയിൽ നിന്നാണ് എന്റെ സിനിമയുണ്ടാകുന്നത്; സുദിപ്‌തോ സെൻ
വി.എസും പിണറായിയും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ സിനിമയുണ്ടാകുന്നതെന്നും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് സിനിമയെന്നും കേരള സ്റ്റോറിയുടെ സംവിധായകനായ സുദിപ്‌തോ സെൻ
ന്യൂഡൽഹി: കേരളം ഇസ്‌ലാമിക് സ്‌റ്റേറ്റാകുമെന്ന വി.എസിന്റെ പ്രസ്താവനയിൽ നിന്നാണ് തന്റെ സിനിമയുണ്ടാകുന്നതെന്നും വി.എസും പിണറായിയും പറഞ്ഞതാണ് തന്റെ സിനിമയിലുള്ളതെന്നും കേരള സ്റ്റോറിയുടെ സംവിധായകൻ സുദിപ്‌തോ സെൻ. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010ലും 2011ലും വി.എസും പിണറായിയും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തന്റെ സിനിമയുണ്ടാകുന്നതെന്നും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് സിനിമയെന്നുമാണ് സുദിപ്‌തോ സെൻ പറഞ്ഞത്. സിനിമയുടെ ആവശ്യത്തിനായി മൂവായിരത്തിലധികം പെൺകുട്ടികളെ കാണുകയും രേഖകൾ ശേഖരിക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.
തങ്ങളുടെ കഠിനപ്രയത്‌നത്തിന് ഒടുവിൽ അംഗീകാരം ലഭിച്ചതിൽ താൻ സന്തോഷവാനാണെന്നും സിനിമ ഇറങ്ങിയപ്പോൾ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തെ അപമാനിക്കുന്നതാണ് കേരള സ്‌റ്റോറിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡൽഹി ടൈംസ്, ബോംബെ തുടങ്ങിയ ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ ചിത്രങ്ങളൊന്നും അപമാനമല്ലല്ലോ. നമ്മുടെ രാജ്യത്ത് എല്ലാത്തിനെയും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണുന്നതാണ് പ്രശ്‌നമെന്നും സുദിപ്‌തോ പറഞ്ഞു.