അന്നം നൽകുന്നവർക്കായി പാർലമെന്‍റിൽ ഇന്ന് സൂര്യൻ ഉദിക്കും: രാഹുല്‍ ഗാന്ധി

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു

Update: 2021-11-29 05:44 GMT

അന്നം നൽകുന്നവർക്കായി പാർലമെന്‍റിൽ ഇന്ന് സൂര്യൻ ഉദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചർച്ചയില്ലാതെ ബിൽ പാസാക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സമരത്തിനിടയിൽ മരണമടഞ്ഞ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു. കര്‍ഷകരുടെ ഒരു വര്‍ഷ നീണ്ട സമരത്തിനൊടുവിലാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

അതിനിടെ ഇന്ധനവില വര്‍ധനയും വിലക്കയറ്റവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഇന്ധനവില ചർച്ച ചെയ്യണമെന്ന് എന്‍ കെ പ്രേമചന്ദ്രനാണ് ആവശ്യപ്പെട്ടത്. ഇന്ധന വില വർധനയും വിലക്കയറ്റവും ചർച്ച ചെയ്യണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. മുല്ലപെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് നോട്ടീസ് നൽകി.

Advertising
Advertising

രാജ്യസഭയില്‍ ഇടത് എംപിമാരും അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് ശിവദാസൻ ആവശ്യപ്പെട്ടു. വിളകൾക്ക് താങ്ങുവില നിയമപരമാക്കണമെന്നാണ് ബിനോയ് വിശ്വം നോട്ടീസ് നല്‍കിയത്. ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി അക്രമം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു.

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക, ഹജ്ജ് എംബാർകേഷൻ പോയിന്റ് കോഴിക്കോട് എയർപോർട്ടിൽ പുനസ്ഥാപിക്കുക, ആർടി പിസിആർ ടെസ്റ്റിന്‍റെ പേരിലുള്ള ഭീമമായ ചാർജ് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്‌ലിം ലീഗ് പാർലിമെന്‍ററി പാർട്ടി ലീഡർ ഇ ടി മുഹമ്മദ് ബഷീർ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ഈ ശീതകാല സമ്മേളനം പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്വതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുകയാണ് രാജ്യം. പാർലമെന്‍റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. എല്ലാ വിഷയങ്ങളും പാർലമെന്‍റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാൽപര്യം മുൻനിർത്തിയുള്ള ചർച്ചകൾ പാർലമെന്‍റിൽ വേണം. ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാവും. എല്ലാ ചോദ്യങ്ങൾക്കും സർക്കാർ പാർലമെന്‍റില്‍ ഉത്തരം നൽകുമെന്ന് മോദി വ്യക്തമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News