സഞ്ജീവ് ഭട്ടിന് മൂന്നു ലക്ഷം രൂപ പിഴ ചുമത്തി സുപ്രിംകോടതി

ഭട്ടിന്‍റെ മൂന്നു ഹരജികളും കോടതി തള്ളി

Update: 2023-10-03 07:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് സുപ്രിം കോടതി മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. വിചാരണ കോടതിക്കെതിരെ ആവർത്തിച്ച് ഹരജികൾ സമർപ്പിച്ചതിനെ തുടർന്നാണ് നടപടി. ഭട്ടിന്‍റെ മൂന്നു ഹരജികളും കോടതി തള്ളി.

ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് ഭട്ട് സമർപ്പിച്ച മൂന്ന് ഹരജികളിൽ ഒരു ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. പിഴ ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ക്ഷേമനിധിയിലേക്ക് അടക്കണം. വിചാരണ മുതിർന്ന അഡീഷണൽ സെഷൻസ് ജഡ്ജി ബനസ്‌കന്തയുടെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഒരു ഹരജി. നിലവിലെ ജഡ്ജി പക്ഷപാതം കാണിക്കുന്നുവെന്നാണ് ആരോപണം. വിചാരണക്കോടതി നടപടികൾ ഓഡിയോ-വീഡിയോ റെക്കോഡ് ചെയ്യാൻ നിർദേശിക്കണമെന്നായിരുന്നു മറ്റൊരു ഹരജി. കേസിൽ കൂടുതൽ തെളിവുകൾ ഹാജരാക്കണമെന്നായിരുന്നു മൂന്നാമത്തെ ഹരജി."നിങ്ങൾ എത്ര തവണ സുപ്രിംകോടതിയിൽ പോയിട്ടുണ്ട്? ഒരു ഡസൻ തവണയെങ്കിലും?" ജസ്റ്റിസ് വിക്രം നാഥ് സഞ്ജീവ് ഭട്ടിനോട് ചോദിച്ചു. ഭട്ടിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ദേവദത്ത് കാമത്താണ് ഹാജരായത്.

ലഹരിമരുന്ന് കേസിൽ സാക്ഷി വിസ്താരത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയില്‍ സഞ്ജീവ് ഭട്ട് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രിംകോടതി തള്ളിയിരുന്നു. മാർച്ച് 31ന് മുൻപ് വിചാരണ പൂർത്തിയാക്കാൻ ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഭട്ട് സുപ്രിം കോടതിയെ സമീപിച്ചത്. ഹരജി അനാവശ്യമെന്ന് വിലയിരുത്തിയ കോടതി ചെലവായി 10,000 രൂപഅടയ്ക്കണമെന്നും ഉത്തരവിട്ടിരുന്നു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കാൻ സഞ്ജീവ് ഭട്ട് ശ്രമിച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുളള കേസ്. ഈ കേസിൽ മാർച്ച് 31 ന് മുൻപ് വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി നിർദേശിച്ചത്. ഇതിനെതിരെയായിരുന്നു ഭട്ട് സുപ്രിം കോടതിയെ സമീപിച്ചത്. കേസിലെ 60 സാക്ഷികളിൽ 16 പേരുടെ വിസ്താരം മാത്രം പൂർത്തിയായ സാഹചര്യത്തിൽ സമയം നീട്ടി നൽകണമെന്നും അതുവഴി തനിക്ക് നീതിയുക്തമായ വിചാരണ നേരിടാൻ അവസരം ഉണ്ടാക്കിത്തരണമെന്നുമാണ് ഭട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഇത് അനാവശ്യമായ വാദമാണെന്ന് കോടതി വിലയിരുത്തുകയും പിഴ ചുമത്തുകയും ചെയ്തു.

2018 സെപ്തംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെയും സംഘ്പരിവാറിന്‍റെയും വിമര്‍ശകനായിരുന്ന സഞ്ജീവ് ഭട്ടിനെ പഴയ കേസുകളില്‍പ്പെടുത്തിയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തതെന്ന വിമര്‍ശനം തുടക്കം തൊട്ടേയുണ്ട്. ഗുജറാത്ത് വംശഹത്യ മോദിയുടെ അറിവോടെയാണെന്ന് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെ ബി.ജെപി. വേട്ടയാടാന്‍ തുടങ്ങിയത്. 2015ല്‍ സര്‍വീസില്‍ നിന്ന് നീക്കി. 1990ലെ ഒരു കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

ജാംനഗറില്‍ അഡീഷണല്‍ സുപ്രണ്ട് ആയിരിക്കെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് വൈഷ്ണവി എന്നയാള്‍ പിന്നീട് മരിച്ചത് കസ്റ്റഡിയിലെ പീഡനത്തെ തുടര്‍ന്നായിരുന്നു എന്നാണ് കേസ്. വര്‍ഗീയ കലാപത്തെ തുടര്‍ന്നാണ് പ്രഭുദാസ് വൈഷ്ണവി ഉള്‍പ്പെടെ 150 പേരെ കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച് 10 ദിവസം കഴിഞ്ഞപ്പോള്‍ വൈഷ്ണവി മരിച്ചു. ആ കേസിലാണ് 2018ല്‍ ഭട്ടിനെ അറസ്റ്റ് ചെയ്തത്. 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഈ വിധിക്കെതിരെ കുടുംബം നിയമ പോരാട്ടം തുടരുകയാണ്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News