ക്രിസ്ത്യാനിയായതിനാൽ ക്ഷേത്രപൂജയിൽ പങ്കെടുക്കാനാവില്ലെന്ന് സൈനികൻ; നിങ്ങൾ സൈനികനാവാൻ യോഗ്യനല്ലെന്ന് സുപ്രിംകോടതി
സൈന്യത്തിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള സാമുവൽ കമലേശൻ്റെ ഹരജി സുപ്രിംകോടതി തള്ളി
ന്യുഡൽഹി: മതപരമായ ആചാരങ്ങൾക്കായി ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും പ്രവേശിക്കുന്നത് തന്റെ മതവിശ്വാസത്തിന് എതിരാണെന്ന് പറഞ്ഞതിനെ തുടർന്ന് സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ട സാമുവൽ കമലേശന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ് മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് നിങ്ങൾ സൈന്യത്തിൻ്റെ ഭാഗമാവാൻ യോഗ്യനല്ലെന്ന് പറഞ്ഞത്. സൈനികൻ്റേത് അച്ചടക്കലംഘനമാണെന്നും സുപ്രിംകോടതി പറഞ്ഞു.
സൈനിക യൂനിറ്റിൻ്റെ നിർദേശം മാനിക്കാതെ അമ്പലത്തിലും ഗുരുദ്വാരയിലും പ്രവേശിക്കാൻ വിസമ്മതിച്ച സൈനികനെ സൈന്യം പിരിച്ചുവിട്ടിരുന്നു. സൈനികന്റെ നടപടി സഹസൈനികരുടെ വിശ്വാസത്തെ ബഹുമാനിക്കാത്തതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. സൈന്യത്തിന്റെ നടപടിക്കെതിരെ സൈനികൻ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സൈന്യത്തിന്റെ നടപടി ഹൈക്കോടതി ശരിവെച്ചതിനെ തുടർന്നാണ് സൈനികൻ സുപ്രിംകോടതിയെ സമീപിച്ചത്.
ക്രിസ്തുമവിശ്വാസം മറ്റ് മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കാത്തതിനാലാണ് തന്റെ കക്ഷി ക്ഷേത്രത്തിലും ഗുരുദ്വാരയിലും പ്രവേശിക്കാഞ്ഞതെന്ന് സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയിൽ വാദിച്ചു. സൈനികൻ തന്റെ മനസാക്ഷിക്ക് നിരക്കാത്ത പ്രവർത്തിയിൽ നിന്ന് മാത്രമേ വിട്ടുനിന്നുള്ളു എന്നും അദ്ദേഹം വാദിച്ചു. എന്നാൽ, സുപ്രിംകോടതി ഇത് അംഗീകരിച്ചില്ല. സൈന്യത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. അച്ചടക്കം പ്രധാനമാണെന്നും ജഡ്ജിമാർ പറഞ്ഞു. സൈന്യത്തിൽ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് സൈനികൻ നൽകിയ ഹരജി സുപ്രിംകോടതി തള്ളി.
ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലിനകത്ത് കയറി പൂജ ചെയ്യാനുള്ള മേലുദ്യോഗസ്ഥന്റെ നിർദേശം സാമുവൽ കമലേശൻ നിരസിക്കുകയായിരുന്നു. ഏകദൈവ വിശ്വാസിയായ തന്റെ ക്രിസ്തവ വിശ്വാസത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് നിരസിച്ചത്.