സൂറത്കൽ ഫാസില്‍ കൊലപാതകം: 14 പേർ കസ്റ്റഡിയിലെന്ന് പൊലീസ്

കേരള-കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കി

Update: 2022-08-02 13:01 GMT

മംഗലാപുരം സൂറത്കല്ലിൽ ഫാസിലിന്‍റെ കൊലപാതകത്തില്‍ 14 പേർ കസ്റ്റഡിയിൽ. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ തുടരുകയാണ്. ദക്ഷിണ കന്നഡ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ കേരള-കർണാടക അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.

സൂറത്കല്ലിൽ ഇന്നലെ രാത്രി കൊല്ലപ്പെട്ട മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിലിന്‍റെ മൃതദേഹം ഖബറടക്കി. മംഗൽപ്പട്ടെ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. സംഭവത്തിൽ 14 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ക്രമസമാധാനപാലനത്തിനായി രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Advertising
Advertising

പനമ്പൂർ, ബജ്പെ, മുൽകി, സൂറത്ത്കല്‍ എന്നീ സ്ഥലങ്ങളിൽ നിരോധനാജ്ഞ തുടരുകയാണ്. രാത്രി 10 മണിക്ക് ശേഷം ആളുകൾ പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദേശം നൽകി. രാത്രി 10 മണിക്ക് ശേഷം പുറത്തിറങ്ങുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.

വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്‍റെ പിന്നാലെ എത്തിയ സംഘം പിന്തുടർന്ന് ക്രൂരമായി മർദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യുവമോർച്ച നേതാവിന്‍റെ വീട്ടിൽ മാത്രം കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശനം നടത്തിയത് വിവാദമായിട്ടുണ്ട്. ഇതേ സ്ഥലത്ത് ദിവസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട മസൂദിന്‍റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചിരുന്നില്ല. പ്രവീണിന്‍റെ കുടുംബത്തിന് മാത്രമായി സർക്കാർ 25 ലക്ഷം രൂപ സഹായം നൽകിയതിനെതിരെയും പ്രതിഷേധം ഉയർന്നു. സർക്കാർ പക്ഷപാതപരമായി പെരുമാറുന്നതായാണ് ആക്ഷേപം. ദക്ഷിണ കന്നഡ ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കര്‍ശനമാക്കി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News