ത്വലാഖും മുത്വലാഖും ഒരുപോലെയല്ല; ത്വലാഖേ ഹസൻ പ്രഥമദൃഷ്ട്യാ തെറ്റല്ല-സുപ്രിംകോടതി
ത്വലാഖ് വിഷയം മറ്റേതെങ്കിലും അജണ്ടയിലേക്ക് വഴിമാറാന്‍ താൽപര്യപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി
ന്യൂഡൽഹി: ത്വലാഖും മുത്വലാഖും ഒരുപോലെയല്ലെന്ന് സുപ്രിംകോടതി. ത്വലാഖേ ഹസൻ പ്രഥമ ദൃഷ്ട്യതെറ്റാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ത്വലാഖേ ഹസൻ നിരോധിക്കണമെന്ന ഹരജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ സഞ്ജയ് കിഷാൻ കൗൾ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം. പ്രഥമദൃഷ്ട്യാ ത്വലാഖേ ഹസൻ തെറ്റാണെന്നു പറയാനാകില്ല. സ്ത്രീകൾക്ക് ഖുൽഅ് വഴി വിവാഹമോചനം നേടാനുള്ള അവസരമുണ്ട്. പ്രഥമദൃഷ്ട്യാ ഹരജിക്കാരോട് താൻ യോജിക്കുന്നില്ല. ത്വലാഖ് വിഷയം മറ്റേതെങ്കിലും അജണ്ടയിലേക്ക് വഴിമാറാന്‍ താൽപര്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് എം.എം സുന്ദരേശ് വ്യക്തമാക്കി.
ഇത് മുത്വലാഖ് അല്ല. നിങ്ങൾക്ക് ഖുൽഅ് എന്നൊരു അവസരമുണ്ട്. രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ, ദാമ്പത്യം തിരിച്ചെടുക്കാനാകാത്ത വിധം തകരുന്ന ഘട്ടത്തിൽ നമ്മൾ വിവാഹമോചനം അനുവദിക്കുന്നുണ്ടെന്നും ജസ്റ്റിസ് കൗൾ സൂചിപ്പിച്ചു.
ഏകപക്ഷീയമാണെന്ന് ആരോപിച്ച് ത്വാലാഖേ ഹസനടക്കമുള്ള വിവാഹമോചന രൂപങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മുസ്‌ലിം വനിത നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. ഓരോ മാസം ഓരോ ത്വലാഖ് ചൊല്ലി മൂന്നു മാസംകൊണ്ട് വിവാഹമോചനം നടത്തുന്ന രീതിയാണ് ത്വലാഖേ ഹസൻ. ഇത് ഭരണഘടനയുടെ 14, 15, 21, 25 വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന അഭിഭാഷക പിങ്കി ആനന്ദ് ആണ് ഹരജിക്കാരിക്കു വേണ്ടി കോടതിയിൽ ഹാജരായത്.
വിഷയം എതെങ്കിലും അജണ്ടയ്ക്ക് കാരണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Summary: Talaq-E-Hasan is not improper prima facie, women have option of Khula divorce, says Supreme Court