കോയമ്പത്തൂര്‍ അല്ലെങ്കില്‍ ചെന്നൈ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി കമല്‍ഹാസന്‍

പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് അനുവദിച്ചിരുന്നു

Update: 2024-02-16 06:30 GMT

കമല്‍ഹാസന്‍

ചെന്നൈ: തെന്നിന്ത്യന്‍ നടനും മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡൻ്റുമായ കമല്‍ഹാസന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നോ ചെന്നൈയിൽ നിന്നോ മത്സരിക്കും.പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോര്‍ച്ച് അനുവദിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം.ജി.ആർ. മക്കൾ കക്ഷി എന്ന ചെറുപാർട്ടിക്കാണ് ടോർച്ച് ചിഹ്നം അനുവദിച്ചിരുന്നത്. അപേക്ഷ നൽകിയിട്ടും ചിഹ്നം നിരസിച്ച തൊരഞ്ഞെടുപ്പ് കമ്മിഷനെതിരേ അന്ന് മക്കൾ നീതി മയ്യം കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് 18 ദിവസം മുമ്പാണ് മക്കൾ നീതി മയ്യത്തിന് ‘ടോർച്ച്’ ചിഹ്നമായി അനുവദിച്ചത്. ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിലാണ് കമലിന്‍റെ പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിന്‍റെ ഭാഗമായാകും ജനവിധി തേടുക. നിലവില്‍ കോയമ്പത്തൂര്‍ സീറ്റ് ഡിഎംകെയുടെ മറ്റൊരു സഖ്യകക്ഷിയായ സി.പി.എമ്മിന്‍റെതാണ്. ചെന്നൈ നോർത്ത്, സൗത്ത്, സെൻട്രൽ സീറ്റുകൾ യഥാക്രമം ഡോ കലാനിധി വീരസ്വാമി, ഡോ തമിഴച്ചി തങ്കപാണ്ഡ്യൻ, ദയാനിധി മാരൻ എന്നിവരാണ് പ്രതിനിധീകരിക്കുന്നത്. മൂവരും ഡിഎംകെയിൽ നിന്നുള്ളവരാണ്.

Advertising
Advertising

കോയമ്പത്തൂരില്‍ നിന്നാണ് മത്സരിക്കുന്നതെങ്കില്‍ ഡിഎംകെയ്ക്ക് സിപിഐ-എം നേതൃത്വവുമായും മറ്റ് സഖ്യകക്ഷികളുമായും നിരവധി റൗണ്ട് ചർച്ചകൾ ആവശ്യമാണ്. എന്നാല്‍ ചെന്നൈയിലെ മൂന്ന് സീറ്റുകളില്‍ ഡിഎംകെയ്ക്ക് തീരുമാനിക്കാമെന്നുള്ളതിനാല്‍ അതില്‍ ഏതെങ്കിലും ഒന്നിലാകും മത്സരിക്കാനുള്ള സാധ്യത. ഇവരിലൊരാളെ മാറ്റിനിര്‍ത്തി കമലിന് സീറ്റ് നല്‍കുമോ എന്ന കാര്യവും നിശ്ചയമില്ല. എന്നിരുന്നാലും, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിച്ച കമൽഹാസന് കോയമ്പത്തൂരിൽ ഒരു മുൻതൂക്കമുണ്ട്. ബിജെപി വനിതാ വിഭാഗം നേതാവ് വാനതി ശ്രീനിവാസനോട് 1,540 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിലാണ് അന്ന് കമല്‍ പരാജയപ്പെട്ടത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ എംഎൻഎം സ്ഥാനാർഥി ഡോ.ആർ.മഹേന്ദ്രൻ കോയമ്പത്തൂർ ലോക്‌സഭാ സീറ്റിൽ 1,45,104 വോട്ടുകൾ നേടി. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 11.6 ശതമാനം വോട്ട് വിഹിതത്തോടെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്ത്. നിലവിൽ ജാർഖണ്ഡ് ഗവർണറായ രാധാകൃഷ്ണൻ 31.34 ശതമാനം വോട്ട് വിഹിതത്തോടെ 3,92,007 വോട്ടുകൾ നേടിയിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം നേതാവ് പി.ആർ നടരാജൻ 5,77,150 വോട്ടുകളാണ് നേടിയത്. കമൽഹാസൻ്റെ ആദ്യ ചോയ്‌സ് കോയമ്പത്തൂർ ആണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയില്‍ നിന്നും മത്സരിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News