ഹിന്ദു കുട്ടികൾക്കൊപ്പം കളിച്ചതിന് മക്കളെ തല്ലിച്ചതച്ചു; കന്യാകുമാരിയില്‍ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ

കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികളാണ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെയും പൊലീസിനെയും വിവരം അറിയിച്ചത്

Update: 2025-06-04 09:02 GMT
Editor : rishad | By : Web Desk

അറസ്റ്റിലായ കിംഗ്‌സ്‌ലി

ചെന്നൈ: അയല്‍വാസികളായ ഹിന്ദുസുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചതിന് മക്കളെ തല്ലിയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. കന്യാകുമാരിയിലെ കരുങ്കൽ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം.

42 കാരനായ കിംഗ്‌സ്‌ലിയാണ് അറസ്റ്റിലായത്. ഇയാള്‍ ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം ഇവിടെ താമസിച്ച് വരികയായിരുന്നു. മെയ് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്ത് അയല്‍വാസികള്‍ക്കൊപ്പം കളിക്കുന്ന തന്റെ മക്കളെയാണ് കിംഗ്‌സ്‌ലി കണ്ടത്. ഇതോടെ ദേഷ്യപ്പെട്ട അദ്ദേഹം, മക്കളെ വലിച്ചിഴച്ച് കൊണ്ടുപോകുകയും വയറുപയോഗിച്ച്(സ്കിപ്പിങ് റോപ്) അടിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. 

Advertising
Advertising

കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികളാണ്  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെയും കരുങ്കൽ പൊലീസിനെയും വിവരം അറിയിച്ചത്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ അടിക്കാനുള്ള കാരണം പറഞ്ഞത്. ഭാരതീയ ന്യായ സംഹിതയിലേയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷനിലെയും വകുപ്പ് പ്രകാരം പുരോഹിതനെതിരെ കേസ് എടുത്തു. 

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 296(ബി), 115(2), 351(3) എന്നിവ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരവുമാണ് കിംഗ്‌സ്‌ലിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75, കുട്ടികളോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ടതാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News