'തൈര്, വെങ്കായം, കല്ലുപ്പ്'.. രാഹുല്‍ ബിരിയാണിയുണ്ടാക്കിയ യൂട്യൂബ് ചാനലിന് ഡയമണ്ട് ബട്ടണ്‍

10 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ഈ കുക്കിങ് ചാനല്‍ സ്വന്തമാക്കിയത്

Update: 2021-07-07 12:39 GMT

തമിഴ്‌നാട്ടില്‍ നിന്നുള്ള യൂട്യൂബ് ചാനല്‍ 'വില്ലേജ് കുക്കിങ് ചാനലി'ന് റെക്കോര്‍ഡ് നേട്ടം. ഒരു കോടി വരിക്കാരുമായി യൂട്യൂബ് ഡയമണ്ട് ബട്ടണ്‍ നേടിയിരിക്കുകയാണ് ചാനല്‍. 10 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെയാണ് ഈ കുക്കിങ് ചാനല്‍ സ്വന്തമാക്കിയത്. പുതുക്കോട്ടൈ ജില്ലയിലെ വീരമംഗലം ഗ്രാമത്തിലെ അഞ്ച് പേര്‍ ചേര്‍ന്ന് തുടങ്ങിയ കുക്കിങ് ചാനല്‍ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടി. നാടന്‍ വിഭവങ്ങളാണ് ഇവര്‍ ഉണ്ടാക്കുന്നത്. ഇവരുടെ വിഭവങ്ങളും അവതരണ രീതിയും ഏറെ പ്രശംസ നേടി.

പെരിയതമ്പി എന്ന 70കാരന്‍റെ നേതൃത്വത്തിലാണ് പാചകം‍‍. വി സുബ്രഹ്‌മണ്യന്‍, വി അയ്യനാര്‍, വി മുരുഗേശന്‍, ജി തമിഴ്‌സെല്‍വന്‍, ടി മുത്തുമാണിക്യം എന്നിവരാണ് ഒപ്പമുള്ളത്. കര്‍ഷകരാണ് ഇവരെല്ലാം. ആറ് മാസമേ കൃഷിയുണ്ടാകൂ. വെറുതെയിരിക്കുന്ന സമയത്താണ് വീഡിയോ ചിത്രീകരണം തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. പ്രതിമാസം യൂട്യൂബില്‍ നിന്ന് ഏഴ് ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിക്കാന്‍ പാചകം ചെയ്യുന്ന ഭക്ഷണം അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. അടുത്ത കാലത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സംഭാവന നല്‍കിയത്.

Advertising
Advertising

"25ആം വയസ്സില്‍ പാചകം തുടങ്ങിയതാണ് ഞാന്‍‌. ഇപ്പോള്‍ 70 വയസ്സായി. ഇങ്ങനെ അറിയപ്പെടുമെന്ന് ഒരിക്കലും കരുതിയതല്ല. ഞങ്ങളുടെ വീഡിയോകള്‍ ഇഷ്ടപ്പെടുന്നതിന് എല്ലാവരോടും നന്ദി. ഡയമണ്ട് ബട്ടണ്‍ കിട്ടിയ നിരവധി യൂട്യൂബേഴ്സുണ്ട്. പക്ഷെ അതൊന്നും തമിഴില്‍ അല്ല. അക്കാര്യത്തിലും അഭിമാനമുണ്ട്"- എന്നാണ് പെരിയതമ്പിയുടെ പ്രതികരണം.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് രാഹുല്‍ ഗാന്ധി വില്ലേജ് കുക്കിങ് ടീമിനെ കണ്ടത്. രാഹുലും സംഘവും ചേര്‍ന്ന് മഷ്റൂം ബിരിയാണി തയ്യാറാക്കി. 'വെങ്കായം, തൈര്, കല്ലുപ്പ്' എന്ന് പാചകത്തിനിടെ രാഹുല്‍ പറഞ്ഞത് വൈറലായി. ആ വീഡിയോ ഇതുവരെ കണ്ടത് 26 മില്യണ്‍ ആളുകളാണ്. രാഹുലിന്‍റെ വീഡിയോക്ക് ശേഷം സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കുത്തനെ കൂടിയെന്ന് വില്ലേജ് കുക്കിങ് ടീം പറയുന്നു. പതിനായിരത്തോളം പുതിയ സബ്സ്ക്രൈബേഴ്സിനെയാണ് ഓരോ ആഴ്ചയും ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ രാഹുലിന്‍റെ വീഡിയോക്ക് ശേഷം പുതിയ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം ഓരോ ആഴ്ചയും 30,000 മുതല്‍ 40,000 വരെയായെന്ന് വില്ലേജ് കുക്കിങ് ടീം പറയുന്നു.

Full View


Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News