തമിഴ്നാട്ടിൽ ജീവിച്ചിരിക്കുന്ന സ്ഥാനാർഥിയെയും ഭർത്താവിനേയും മരിച്ചവരാക്കി എസ്ഐആർ കരട് പട്ടിക

വിഷയത്തിൽ നടപടി ഉറപ്പുനൽകിയ ജില്ലാ കലക്ടർ, ബിഎൽഒയെ സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.

Update: 2025-12-11 10:44 GMT

ചെന്നൈ: വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കിവരുന്ന എസ്ഐആർ സംബന്ധിച്ച് ആശങ്ക ശക്തമായിരിക്കെ തമിഴ്നാട്ടിൽ‍ ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് പരാതി. ശിവ​ഗം​ഗ ജില്ലയിലാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിലെ നാം തമിഴർ കക്ഷി സ്ഥാനാർഥി ഇന്ദുജ, ഭർത്താവ് രമേശ് എന്നിവരാണ് എസ്ഐആർ കരട് പട്ടിക പുറത്തുവന്നപ്പോൾ‍ മരിച്ചവരായി മാറിയത്.

തങ്ങൾ എല്ലാവരെയും പോലെ എസ്ഐആർ എന്യുമെറേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു നൽകിയിരുന്നതായും കരട് പട്ടിക വന്നപ്പോൾ തങ്ങളുടെ പേരുകൾ മരിച്ചവരുടെ കോളത്തിലാണ് വന്നതെന്നും ദമ്പതികൾ വ്യക്തമാക്കി. ജീവിച്ചിരിക്കെ മരിച്ചവരായി മുദ്രകുത്തിയ എസ്ഐആർ നടപടിക്കെതിരെ ശിവമോ​ഗ ജില്ലാ കലക്ടർ കെ. പോർകൊടിയെ സമീപിച്ചിരിക്കുകയാണ് ഇരുവരും.

Advertising
Advertising

'എങ്ങനെയാണ് ഞങ്ങളെ മരിച്ചവരായി പ്രഖ്യാപിക്കുക? ഞങ്ങൾ മരിച്ചെന്ന് വ്യക്തമാക്കി മുനിസിപ്പാലിറ്റിയിൽ നിന്ന് എന്തെങ്കിലും സർട്ടിഫിക്കറ്റ് കിട്ടിയോ? ഇത് അധികൃതരുടെ ഭാ​ഗത്തുനിന്നുണ്ടായ എന്തെങ്കിലും പിഴവാണോ അതോ മനഃപൂർവം ചെയ്തതാണോ?'- രമേശ് ചോദിച്ചു.

വിഷയത്തിൽ നടപടി ഉറപ്പുനൽകിയ ജില്ലാ കലക്ടർ, ബിഎൽഒയെ സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു. ഇരുവരുടെയും പേരുകൾ‍ പുനഃസ്ഥാപിക്കുമെന്നും കലക്ടർ അറിയിച്ചു. സമാന രീതിയിൽ നിരവധി പേരുകൾ മരിച്ചവരുടെ കോളത്തിൽ‍ ചേർത്തിട്ടുണ്ടെന്ന് രമേശ് ചൂണ്ടിക്കാട്ടിയപ്പോൾ, അവ പരിശോധിച്ച് തിരുത്താൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാനും കലക്ടർ ആവശ്യപ്പെട്ടു.

എല്ലാം നിയമങ്ങൾ അനുസരിച്ചാണ് നടന്നത്. രണ്ടു തവണ പരിശോധിക്കാനാണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുടെ ബൂത്ത് ലെവൽ ഏജന്റ് ബിഎൽഒയ്‌ക്കൊപ്പം ഉണ്ടായിരുന്നിട്ടും ഇത്തരമൊരു പിശക് എങ്ങനെ സംഭവിച്ചെ‌ന്നും കലക്ടർ ചോദിച്ചു.

6.41 കോടി വോട്ടർമാരുള്ള തമിഴ്‌നാട്ടിൽ 99.99 ശതമാനം ഫോമുകളും വിതരണം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഇനി 4,201 വോട്ടർമാർക്ക് കൂടി എസ്ഐആർ ഫോം ലഭിക്കാനുണ്ട്. നൽകിയ ഫോമുകളിൽ 99.95 ശതമാനം ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ, അസം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലും പുതുച്ചേരി ഉൾപ്പെടെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് എസ്‌ഐആർ പ്രക്രിയ നടക്കുന്നത്. ഡിസംബർ നാലിന് അവസാനിക്കാൻ നിശ്ചയിച്ചിരുന്ന എസ്ഐആർ ഒരു ആഴ്ച കൂടി നീട്ടിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News