സമാജ്‌വാദി ദേശീയ സെക്രട്ടറിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന; രാഷ്ട്രീയ പക പോക്കലെന്ന് ആരോപണം

വാരാണാസിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ റായിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു

Update: 2021-12-18 07:34 GMT
Editor : Jaisy Thomas | By : Web Desk

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്‍റുമായ അഖിലേഷ് യാദവിന്‍റെ സഹായിയും പാർട്ടിയുടെ ദേശീയ സെക്രട്ടറിയുമായ രാജീവ് റായിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന. വാരാണാസിയിൽ നിന്നുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ റായിയുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. യാദവ് കുടുംബത്തിന്‍റെ ശക്തി കേന്ദ്രമായ മെയിൻപുരിയിലെ മറ്റൊരു നേതാവിന്‍റെ വീട്ടിലും റെയ്ഡ് നടന്നു. യുപിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പിന്‍റെ അടിക്കടിയുള്ള പരിശോധന.

Advertising
Advertising

കർണാടകയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഗ്രൂപ്പിന്‍റെ ഉടമയാണ് രാജീവ് റായി. 2014 ൽ ഘോസി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. സമാജ് വാദി പാർട്ടിയുടെ മാധ്യമ മുഖമായ റായ് 2012 ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനു പിന്നിലും പ്രവർത്തിച്ചു. ''എന്‍റെ കയ്യില്‍ കള്ളപ്പണമോ എനിക്ക് ക്രിമിനൽ പശ്ചാത്തലമോ ഇല്ല, ഞാൻ ആളുകളെ സഹായിക്കുന്നു, സർക്കാരിന് അത് ഇഷ്ടപ്പെടുന്നില്ല, അതിന്‍റെ ഫലമാണിത്, അനാവശ്യമായൊരു നടപടിയാണിത്'' രാജീവ് റായ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുപിയിൽ അടുത്തിടെ ആരംഭിച്ച പദ്ധതികളെകുറിച്ച് അഖിലേഷ് യാദവ് ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ചിരുന്നു. പദ്ധതികളെല്ലാം തന്‍റെ ഭരണകാലത്ത് ആരംഭിച്ചതാണെന്നായിരുന്നു അഖിലേഷിന്‍റെ വാദം. എന്നാല്‍ ഇത് വോട്ടിൽ കണ്ണുവെച്ച് ക്രെഡിറ്റ് നേടാനുള്ള ശ്രമമാണെന്ന് ബി.ജെ.പിയും തിരിച്ചടിച്ചു. ഇതോടെ യുപിയിൽ പുതിയൊരു രാഷ്ട്രീയാന്തരീക്ഷം രൂപപ്പെട്ടിരിക്കുകയാണ്. യുപി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയായി അഖിലേഷ് യാദവ് ഉയർന്നുവന്നേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News