കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ 4.5 ലക്ഷം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവുമായി ടിസിഎസ്; സെപ്തംബര്‍ 1 മുതൽ പ്രാബല്യത്തിൽ

ഈ വർഷം ടിസിഎസ് ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതിനിടെയാണ് വേതന വർധനവ്

Update: 2025-08-07 08:01 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ 80 ശതമാനം ജീവനക്കാരുടെ ശമ്പളം കൂട്ടി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സര്‍വീസസ്(ടിസിഎസ്). ജൂനിയര്‍ ലെവൽ തൊട്ടുള്ള 4.5 ലക്ഷം ജീവനക്കാരുടെ ശമ്പളമാണ് വര്‍ധിപ്പിച്ചത്. ഈ വർഷം ടിസിഎസ് ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതിനിടെയാണ് വേതന വർധനവ്.

ശമ്പള വർധനവ് സെപ്തംബര്‍ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ടിസിഎസ് സിഎച്ച്ആർഒ മിലിന്ദ് ലക്കാഡും സിഎച്ച്ആർഒ നിയുക്ത കെ. സുദീപും ബുധനാഴ്ച ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി. "C3A വരെയുള്ള ഗ്രേഡുകളിലും തത്തുല്യമായ തസ്തികകളിലുമുള്ള എല്ലാ യോഗ്യരായ അസോസിയേറ്റുകൾക്കും വര്‍ധനവ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്'' ഇമെയിലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. "ടിസിഎസിന്‍റെ ഭാവി കെട്ടിപ്പടുക്കുന്നതിനായി, നിങ്ങൾ ഓരോരുത്തരുടെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" മെയിലിൽ പറയുന്നു. 15 ലക്ഷം മുതൽ 35 വരെ ശമ്പളം വാങ്ങുന്നവരാണ് ടിസിഎസിലെ മേൽപ്പറഞ്ഞ ജീവനക്കാര്‍.

കൂടാതെ, ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ടിസിഎസ് ജീവനക്കാർക്ക് 2-4 ശതമാനം ശമ്പള വർധനവും ഓഫ്‌ഷോർ ജീവനക്കാർക്ക് 6-8 ശതമാനം ശമ്പള വർധനവും ലഭിക്കും. സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങൾ, എഐ വിന്യാസം, വിപണി വിപുലീകരണം, പുനഃക്രമീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News