ജഗൻ മോഹൻ റെഡ്ഡി 'സൈക്കോ'യെന്ന് ബാലയ്യ; ആന്ധ്രാ നിയമസഭയിൽ വാക്പോര്

ബിജെപി എംഎൽഎയുടെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ബാലകൃഷ്ണ ഇടപെടുകയായിരുന്നു

Update: 2025-09-26 10:39 GMT
Editor : Jaisy Thomas | By : Web Desk

ഹൈദരാബാദ്: ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് വ്യാഴാഴ്ച ആന്ധ്രാപ്രദേശ് നിയമസഭ സാക്ഷ്യം വഹിച്ചത്. ക്രമസമാധാനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ തെലുങ്കുദേശം പാർട്ടി (ടിഡിപി) എംഎൽഎയും നടനുമായ നന്ദമുരി ബാലകൃഷ്ണ മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെ ഒരു 'സൈക്കോ' എന്ന് വിളിച്ചതും വിവാദമായി.

സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ, വൈഎസ്ആർസിപി അധികാരത്തിലിരുന്നപ്പോൾ, സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ടോളിവുഡ് താരങ്ങൾ അന്നത്തെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ കാണാൻ ആഗ്രഹിച്ചപ്പോൾ, അദ്ദേഹം അവരെ കാണാൻ വിസമ്മതിച്ചുവെന്ന് ബിജെപി എംഎൽഎ കാമിനേനി ശ്രീനിവാസ് ആരോപിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. മുൻ വൈഎസ്ആർസിപി സർക്കാർ സിനിമാ വ്യവസായത്തിന് ശ്രദ്ധ നൽകിയിരുന്നില്ലെന്ന് ശ്രീനിവാസ് പറഞ്ഞു. സിനിമാ രംഗത്തെ ഒരു സംഘം മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ ചെന്നപ്പോൾ ജഗൻ ആദ്യം വിസമ്മതിച്ചുവെന്നും ചിരഞ്ജീവി നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്നാണ് അവരെ കണ്ടതെന്നും ശ്രീനിവാസ് പറഞ്ഞു. 2022-ൽ ജഗനും ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള മഹേഷ് ബാബു, പ്രഭാസ് തുടങ്ങിയ മുൻനിര നടന്മാരുടെ ഒരു ടോളിവുഡ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് ശ്രീനിവാസ് പരാമര്‍ശിച്ചത്. താരങ്ങളോട് ആദ്യം അന്നത്തെ സിനിമാറ്റോഗ്രഫി മന്ത്രിയെ കാണാനാണ് ജഗന്‍ ആവശ്യപ്പെട്ടെതെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടി.

Advertising
Advertising

എന്നാൽ ബിജെപി എംഎൽഎയുടെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ബാലകൃഷ്ണ ഇടപെടുകയായിരുന്നു. ജഗൻ മോഹൻ റെഡ്ഡിയെ പരാമർശിച്ച് സിനിമാ വ്യവസായ പ്രതിനിധികളുടെ ഒരു സംഘം 'സൈക്കോ'യെ കാണാൻ പോയതായി അദ്ദേഹം പരിഹസിച്ചു. "തെലുഗു സിനിമാപ്രവര്‍ത്തകര്‍ ആ സൈക്കോയെ കാണാൻ പോയപ്പോൾ ചിരഞ്ജീവി വാശി പിടിച്ചുവെന്നും അതിനുശേഷം മാത്രമാണ് ജഗൻ സമ്മതിച്ചതെന്നും കാമിനേനി ശ്രീനിവാസ് പറഞ്ഞു. അത് നുണയാണ്. ആരും ഉറച്ചു ചോദിച്ചില്ല. ഞാൻ ഇത് നിഷേധിക്കുന്നു" ബാലകൃഷ്ണ പറഞ്ഞു.

മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരൻ കൂടിയായ ഹിന്ദുപൂർ എംഎൽഎ ബാലകൃഷ്ണയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. ഇതിന് പിന്നാലെ ചിരഞ്ജീവിയും രംഗത്തെത്തി. റെഡ്ഡിയുടെ ക്ഷണപ്രകാരമാണ് താൻ അദ്ദേഹത്തിന്‍റെ വസതിയിൽ പോയതെന്ന് ചിരഞ്ജീവി വ്യക്തമാക്കി. 2022 ലെ ഉച്ചഭക്ഷണ യോഗത്തിൽ, ടോളിവുഡ് വ്യവസായം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജഗൻ മോഹൻ റെഡ്ഡിയോട് വിശദീകരിച്ചതായും വ്യവസായ പ്രതിനിധികളുടെ ഒരു സംഘത്തോടൊപ്പം അദ്ദേഹത്തെ കാണാൻ സമയം തേടിയതായും ചിരഞ്ജീവി പ്രതികരിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് അഞ്ച് പേർ മാത്രമേ വരാവൂ എന്ന് ആദ്യം തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ പ്രതിനിധി സംഘത്തിൽ 10 അംഗങ്ങളുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചപ്പോൾ അവർ സമ്മതിച്ചുവെന്നും ചിരഞ്ജീവി കൂട്ടിച്ചേർത്തു. പ്രതിനിധി സംഘത്തിൽ ചേരാൻ ബാലകൃഷ്ണയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും നടൻ വെളിപ്പെടുത്തി.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ അടുത്തിടെ നൽകിയ ക്ഷണക്കത്തിൽ ഒൻപതാം പേജിൽ തന്റെ പേര് ഉൾപ്പെടുത്തിയതിൽ ഛായാഗ്രഹണ മന്ത്രി കന്ദുല ദുർഗേഷിനോടും ബാലകൃഷ്ണ അതൃപ്തി പ്രകടിപ്പിച്ചു. "ഇതാണോ ഒരു മനുഷ്യന് നൽകുന്ന ബഹുമാനം?" ബാലകൃഷ്ണ ചോദിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News