ടീമുകള്‍ സജ്ജം: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണിന് ഇന്ന് തുടക്കം

പത്ത് ടീമുകളാണ് ഇത്തവണ കപ്പിനായി പോരടിക്കുന്നത്

Update: 2025-10-02 12:04 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | Special Arangement

ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപ്പിയ നാലാം സീസണിന് ഒരുങ്ങി ഹൈദരാബാദ്. ഇന്ന് മുതല്‍ ഹൈദരാബാദ് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍. പത്ത് ടീമുകളാണ് ഇത്തവണ കപ്പിനായി പോരടിക്കുന്നത്. 21 ദിവസങ്ങളിലായി 38 മത്സരങ്ങളാണ് സീസണില്‍ നടക്കുക.

ഇന്ന് രാത്രി 8.30ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിനെ നേരിടും. സീസണിന് മുന്നോടിയായുള്ള ടീം ക്യാപ്റ്റന്‍മാരുടെ ഫോട്ടോസെഷന്‍ ഉള്‍പ്പെടെ ഇന്ന് നടക്കും. ടീം ക്യാപ്റ്റന്മാര്‍ക്ക് പുറമേ, പിവിഎല്‍ സിഇഒ ജോയ് ഭട്ടാചാര്യ, ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് എംഡിയും സഹസ്ഥാപകനുമായ തുഹിന്‍ മിശ്ര, ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ആര്‍.ആര്‍ കാബെല്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Advertising
Advertising

ലീഗിലെ ഏറ്റവും പുതിയ ടീമായ ഗോവ ഗാര്‍ഡിയന്‍സ് കൂടി മത്സരരംഗത്തേക്ക് വന്നതോടെ ലീഗിലെ മൊത്തം ഫ്രാഞ്ചൈസികളുടെ എണ്ണം പത്തായി. ഈ വിപുലീകരണം പുതിയ മത്സരക്രമത്തിനും വഴിയൊരുക്കി. ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് ഇത്തവണ മത്സരങ്ങള്‍. ഗോവ ഗാര്‍ഡിയന്‍സ്, ചെന്നൈ ബ്ലിറ്റ്‌സ്, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നിവരാണ് പൂള്‍ എ-യിലുള്ളത്. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, ഡല്‍ഹി തൂഫാന്‍സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, മുംബൈ മിറ്റിയോര്‍സ്, കാലിക്കറ്റ് ഹീറോസ് ടീമുകളാണ് ബി പൂളില്‍. ഓരോ ടീമും ലീഗ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങള്‍ കളിക്കും. പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകള്‍ ഒക്ടോബര്‍ 24ന് നടക്കുന്ന സെമിഫൈനലിലേക്ക് മുന്നേറും. ഒക്ടോബര്‍ 26നാണ് ഫൈനല്‍.

മുമ്പെങ്ങുമില്ലാത്ത സന്നാഹങ്ങളാണ് ഇത്തവണ പിവിഎല്‍ ടീമുകള്‍ നടത്തിയത്. ലീഗിലെ നിലവാരവും ഓരോ ടീമിന്റെയും തയ്യാറെടുപ്പുകളും കണക്കിലെടുക്കുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടം തന്നെയായിരിക്കും ഈ വര്‍ഷം. കിരീടം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന കാലിക്കറ്റ് ഹീറോസ് തന്നെയാണ് ഈ സീസണിലെയും ശ്രദ്ധാകേന്ദ്രം. എന്നാല്‍ കഴിഞ്ഞ സീസണ്‍ ഫൈനലില്‍ കാലിക്കറ്റിനോട് തോറ്റ ഡല്‍ഹി തൂഫാന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ എതിരാളികളില്‍ നിന്നും ശക്തമായ വെല്ലുവിളി ഹീറോസ് നേരിടേണ്ടിവരും.

മുന്‍ സീസണുകളില്‍ നിരാശപ്പെടുത്തിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഇത്തവണ ഇന്ത്യന്‍ താരം വിനിത് കുമാറിന്റെ ക്യാപ്റ്റന്‍സിയിലാണ് കോര്‍ട്ടിലിറങ്ങുന്നത്. മിഡില്‍ബ്ലോക്കര്‍ ജസ്‌ജോധ് സിങ് ഉള്‍പ്പെടെ മികച്ച ആഭ്യന്തര-വിദേശ താരങ്ങളും ടീമിനൊപ്പമുണ്ട്. ആതിഥേയരായ ഹൈദരാബാദും ശക്തമായ സ്‌ക്വാഡിനെയാണ് അണിനിരത്തുന്നത്. അമേരിക്കന്‍ സെറ്റര്‍ മാറ്റ് വെസ്റ്റിനെ ക്യാപ്റ്റനായി നിയമിച്ച് ബെംഗളൂരു ടോര്‍പ്പിഡോസും അവരുടെ ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു. ഈ നീക്കം തങ്ങള്‍ക്ക് ഒരു മത്സരപരമായ മുന്‍തൂക്കം നല്‍കുമെന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. ആദ്യസീസണിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഇത്തവണ വലിയൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളിലും ടീം നിരാശപ്പെടുത്തിയിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍ അണിനിരക്കുന്ന മുംബൈ മിറ്റിയോര്‍സും കിരീടത്തില്‍ കുറഞ്ഞതൊന്നും ഇത്തവണ പ്രതീക്ഷിക്കുന്നില്ല. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താറുള്ള അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്താനുള്ള അവരുടെ ദൗത്യം തുടരും. അതേസമയം മുന്‍ കാലിക്കറ്റ് താരമായ ജെറോം വിനീതിനെ കളത്തിലിറക്കിയാണ് ചെന്നൈ ബ്ലിറ്റ്‌സ് സ്ഥാനമാറ്റത്തിനിറങ്ങുന്നത്. ഇന്ത്യന്‍ താരം ചിരാഗ് യാദവിന്റെ നേതൃത്വത്തിലായിരിക്കും ഗോവ ഗാര്‍ഡിയന്‍സിന്റെ പ്രൈം വോളി അരങ്ങേറ്റം. സോണി നെറ്റ്‌വര്‍ക്കിന് പുറമേ പ്രൈം വോളിബോളിന്റെ യൂട്യൂബ് പേജിലും നാലാം സീസണ്‍ മത്സരങ്ങള്‍ തത്സമയം കാണാം. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News