കണക്കുകൾ പുറത്തുവിടുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജസ്വി യാദവ്

'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ സുരക്ഷ ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുന്നത് എന്തിന്'

Update: 2025-11-10 12:21 GMT

പട്‌ന: ബിഹാറിലെ ആദ്യ ഘട്ട പോളിങ് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും ലിംഗം തിരിച്ചുള്ള വോട്ടിങ് കണക്ക് പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനവുമായി ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്.

ഇത് ആദ്യമായാണ് സംഭവിക്കുന്നത്. മുൻകാലങ്ങളിൽ കൃത്യം കണക്ക് ഉടനടി ലഭിക്കുമായിരുന്നു. പ്രധാനമന്ത്രിയുടേയും അമിത് ഷായുടേയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി പ്രവർത്തിക്കുന്നത് നിർത്തിയെന്നും തേജസ്വി യാദവ് ആരോപിച്ചു. ഇലക്ഷൻ കമീഷനും അമിത്ഷായുമായി ഒത്തു ചേർന്ന് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടായിരിക്കുമെന്നും തേജസ്വിയാദവ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുളള 208 കമ്പനി സുരക്ഷ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി ബിഹാറിൽ വിന്യസിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ സുരക്ഷ ഉദ്യോഗസ്ഥരെ ഇറക്കിയിരിക്കുന്നത് എന്തിനാണെന്നും തേജസ്വിനി യാദവ് ചോദിച്ചു.

തൊഴിലില്ലായ്മയെ കുറിച്ചോ ബിഹാറിൽ നിന്ന് തൊഴിൽതേടിയുള്ള കുടിയേറ്റത്തെ കുറിച്ചോ പ്രധാനമന്ത്രി ഒന്നും മിണ്ടുന്നില്ല.തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെല്ലാം അദ്ദേഹം നെഗറ്റീവ് പൊളിറ്റിക്‌സാണ് പറയുന്നതെന്നും തേജസ്വി പറഞ്ഞു. എന്തെല്ലാം പ്രശ്‌നങ്ങൾ ഉണ്ടായാലും നവംബർ 16 ന് ഇന്ത്യ സഖ്യം ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്യും. അഴിമതിക്കും ക്രമസമാധാന പ്രശ്‌നത്തിലും വർഗീയതക്കെതിരേയും ഞങ്ങളുടെ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കും. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News