ആർജെഡിക്ക് ആശ്വാസമായി വോട്ട് വിഹിതം; ബിജെപിക്കും ജെഡിയുവിനും മുകളിൽ
2010ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ആർജെഡി നേരിട്ടതെങ്കിലും ആഹ്ലാദിക്കാൻ വക നൽകുന്നതാണ് വോട്ടുവിഹിതം
പറ്റ്‌ന: ബിഹാറിൽ തോറ്റെങ്കിലും വോട്ട് വിഹിതത്തിൽ മികച്ച നേട്ടം സ്വന്തമാക്കി ആർജെഡി. 2010ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ആർജെഡി നേരിട്ടതെങ്കിലും ആഹ്ലാദിക്കാൻ വക നല്‍കുന്നതാണ് വോട്ടുവിഹിതം.
തേജസ്വി യാദവ് നയിക്കുന്ന ആര്‍ജെഡിക്ക് 23 ശതമാനം വോട്ട് വിഹിതമാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച ബിജെപിയേക്കാള്‍ 2.92 ശതമാനം കൂടുതലാണിത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനേക്കാളും (ജെഡിയു) 3.75 ശതമാനം കൂടുതലും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ആർജെഡിക്ക് 23 ശതമാനവും ബിജെപിക്ക് 20.08 ശതമാനവുമാണ്. ജെഡിയുവിന് 19.25, കോൺഗ്രസിന് 8.71, എൽജെപിക്ക് 4.97, സിപിഐ എംഎല്ലിന് 2.84, അസദുദ്ദീൻ ഉവൈസിയുടെ എഐഎംഎമ്മിന് 1.85 എന്നിങ്ങനെയാണ് കണക്ക്.
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആർജെഡിക്ക് 23.11 ശതമാനം വോട്ട് വിഹിതം ലഭിച്ചിരുന്നു. ഇത്തവണ അതില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. 243 അംഗ നിയമസഭയിൽ 144 സ്ഥാനാർത്ഥികളെ നിർത്തി 75 സീറ്റുകൾ അന്ന് അവർ നേടിയിരുന്നു, ഏറ്റവും വലിയ ഒറ്റകക്ഷിയും അന്ന് ആര്‍ജെഡിയായിരുന്നു. 2025ല്‍ 141 സീറ്റുകളിൽ മത്സരിച്ച ആര്‍ജെഡിക്ക് വെറും 25 സീറ്റുകൾ മാത്രമാണ് നേടാനായത്. 2010 ന് ശേഷമുള്ള ബിഹാർ തെരഞ്ഞെടുപ്പിലെ അവരുടെ മോശം പ്രകടനമാണിത്.