'സീതയെ അപമാനിച്ചു'; മുനവ്വർ ഫാറൂഖിക്കെതിരെ ഹിന്ദുത്വ ഭീഷണി തുടരുന്നു

ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന ഒരാളെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ സംസ്ഥാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെയും ബാൻഡി വിമർശിച്ചു.

Update: 2022-08-20 13:23 GMT
Editor : banuisahak | By : Web Desk

ജങ്കാവ്: സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ഹൈദരാബാദിലെ പരിപാടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്‌ത്‌ ബിജെപി എംപിയും ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്റുമായ ബന്ദി സഞ്ജയ് കുമാർ. സീതയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജങ്കാവിൽ നടന്ന പൊതുയോഗത്തിൽ മുനവ്വറിനെതിരെ എംപി ബഹിഷ്കരണ ആഹ്വാനം നടത്തിയത്.

'ഞങ്ങൾ ആരാധിക്കുന്ന സീതയെ മുനവ്വർ അപമാനിച്ചു. സീതയാണ് നമ്മുടെ പ്രചോദനം. ദേവിയെ നാം എല്ലായിടത്തും കാണുന്നു. മുനവ്വർ ഹൈദരാബാദിലേക്ക് വരികയാണ്. അവനെ ഇവിടെ ആവശ്യമില്ല. അവന്റെ പരിപാടി നാം ബഹിഷ്കരിക്കണം'; ബാൻഡി പറഞ്ഞു.

Advertising
Advertising

ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന ഒരാളെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ സംസ്ഥാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെയും ബാൻഡി വിമർശിച്ചു. ഇന്നാണ് മുനവ്വർ ഫാറൂഖിയുടെ പരിപാടി ഹൈദരാബാദിൽ നടക്കുക.

നേരത്തെ, ബിജെപി എംഎൽഎ ടി രാജ സിങ്ങും മുനവ്വറിനെതിരെ രംഗത്തെത്തിയിരുന്നു. ഹൈദരാബാദിൽ കാലുകുത്തിയാൽ പരിപാടി നടക്കുന്നിടത്ത് വെച്ച് തന്നെ മർദ്ദിക്കുമെന്നും വേദി കത്തിക്കുമെന്നുമായിരുന്നു എംഎൽഎയുടെ ഭീഷണി. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. തുടർന്ന്, മുനവ്വർ ഫാറൂഖിയുടെ പരിപാടി നടക്കുന്ന സ്റ്റുഡിയോക്ക് കേടുപാടുകൾ വരുത്തുമെന്ന ആശങ്കയെ തുടർന്ന് ഹൈദരാബാദ് സിറ്റി പോലീസ് എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ജനുവരി ഒന്നിന് മുനവ്വർ ഫാറൂഖിയെയും മറ്റ് നാലുപേരെയും മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇൻഡോറിലെ ഒരു കോഫി ഷോപ്പിൽ നടത്തിയ കോമഡി ഷോയിൽ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന ബിജെപി എംഎൽഎ മാലിനി ലക്ഷ്മൺ സിംഗ് ഗൗഡിന്റെ മകൻ ഏകലവ്യ സിംഗ് ഗൗഡിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. മുനവ്വറിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ഈ സംഭവത്തിന് ശേഷം കടുത്ത ആക്രമണങ്ങളാണ് ബിജെപി മുനവ്വർ ഫാറൂഖിക്കെതിരെ നടത്തുന്നത്. മുനവ്വറിന്റെ പരിപാടികൾ ബിജെപിയുടെ ഭീഷണി കാരണം തുടർച്ചയായി റദ്ദാക്കപ്പെട്ടിരുന്നു. . ഇതോടെ ഈ കരിയർ വിടുകയാണെന്ന് വികാരഭരിതമായൊരു സോഷ്യൽ മീഡിയാ കുറിപ്പിലൂടെ മുനവ്വർ അറിയിച്ചു. തുടർന്ന് നിരവധി ആളുകളാണ് ഇദ്ദേഹത്തിന് പിന്തുണയുമായി എത്തിയത്. പിന്നാലെ 2021 ഡിസംബറിൽ കോൺഗ്രസ് പിന്തുണയോടെ മുനവ്വർ മുംബൈയിൽ ഒരു ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സ്റ്റാൻഡ് അപ് രംഗത്ത് സജീവമാകാൻ തുടങ്ങിയത്. എന്നിട്ടും ഹിന്ദുത്വവാദികൾ വിടാതെ പിന്തുടരുകയാണ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News