തെലങ്കാന വഖഫ് ബോർഡ് സിഇഒയെ നീക്കിയ ഉത്തരവ് റദ്ദാക്കി

തെലങ്കാന ഹൈക്കോടതിയുടേതാണ്​ ഉത്തരവ്​

Update: 2025-02-15 11:00 GMT

ഹൈദരാബാദ്​: തെലങ്കാന വഖഫ് ബോർഡ് സിഇഒ എംഡി അസദുല്ലയെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ച്​ തെലങ്കാന ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി കേഡറിൽ ഉൾപ്പെടാത്തയാളാണെന്നും സിഇഒ സ്ഥാനത്തിന് യോഗ്യനല്ലെന്നും അവകാശപ്പെട്ട് സമർപ്പിച്ച ഹർജിയെത്തുടർന്ന് ജസ്റ്റിസ് നാഗേഷ് ഭീമാപക നേരത്തെ അസദുല്ലയെ നീക്കാൻ ഉത്തരവിട്ടിരുന്നു. ലിയാഖത്ത് ഹുസൈനോട് ഇൻ-ചാർജ് സിഇഒയായി തുടരാനും ജഡ്ജി നിർദ്ദേശിച്ചു.

എന്നാൽ, തെലങ്കാന സർക്കാർ ഈ തീരുമാനത്തെ ചോദ്യം ചെയ്തു. വഖഫ് ഭൂമി കൈയേറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിൽ അസദുല്ല നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും തെലങ്കാന വഖഫ് ബോർഡ് സിഇഒ ആയി അസദുല്ല തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റിസ് അഭിനന്ദ് കുമാർ ഷാവിലി, ജസ്റ്റിസ് തിരുമല ദേവി ഈഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അസദുല്ല സംസ്ഥാന സിവിൽ സർവീസസിൽ പെട്ടയാളാണെന്ന് സർക്കാർ വിശദീകരിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹം എക്സിക്യൂട്ടീവ് ജോലികൾ കൈകാര്യം ചെയ്യുന്നുണ്ട്​. എസ്‌ജിഡിസി ഒരു അഡീഷണൽ കലക്ടറായി പ്രവർത്തിക്കുന്നുവെന്നും സർക്കാർ വ്യക്​തമാക്കി. തുടർന്നാണ്​ ഹൈക്കോടതി അസദുല്ലയെ സിഇഒ ചുമതലയിൽ തുടരാൻ അനുവദിച്ചത്​. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News