'തെലുഗുവിനാണ് മുൻഗണന, ഹിന്ദിയും നല്ലതാണ്'; ത്രിഭാഷാ നയത്തെ പിന്തുണച്ച് ചന്ദ്രബാബു നായിഡു

ഭാഷ അറിവിന്‍റെ അളവുകോലല്ല, മറിച്ച് ആശയവിനിമയത്തിനുള്ള ഉപകരണമാണെന്ന് നായിഡു

Update: 2025-03-17 15:54 GMT

ഹൈദരാബാദ്: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ത്രിഭാഷാ നയത്തെച്ചൊല്ലി ദക്ഷിണേന്ത്യയിൽ ചൂട് പിടിച്ച ചര്‍ച്ചകൾ നടക്കുന്നതിനിടെ പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച നിയമസഭയെ അഭിസംബോധന ചെയ്യവെ, ഭാഷ അറിവിന്‍റെ അളവുകോലല്ല, മറിച്ച് ആശയവിനിമയത്തിനുള്ള ഉപകരണമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

" വെറുക്കേണ്ട ഒന്നല്ല ഭാഷ. ഞങ്ങളുടെ മാതൃഭാഷ തെലുഗാണ്. ദേശീയ ഭാഷ ഹിന്ദിയാണ്. അന്താരാഷ്ട്ര ഭാഷ ഇംഗ്ലീഷാണ്. നമ്മുടെ ഉപജീവനത്തിനായി കഴിയുന്നത്ര ഭാഷകൾ പഠിക്കണം, പക്ഷേ നമ്മുടെ മാതൃഭാഷ ഒരിക്കലും മറക്കരുത്'' നായിഡു നിലപാട് വ്യക്തമാക്കി. ഹിന്ദി വിഷയത്തിൽ ഡൽഹിയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ആശയവിനിമയത്തിന് ഭാഷ പഠിക്കുന്നത് ഗുണം ചെയ്യുമെന്ന് നായിഡു വാദിച്ചു. "ഹിന്ദി പോലുള്ള ഒരു ദേശീയ ഭാഷ പഠിച്ചാൽ, നമ്മൾ ഡൽഹിയിൽ പോയാലും, ഒഴുക്കോടെ സംസാരിക്കാൻ എളുപ്പമായിരിക്കും". അനാവശ്യ രാഷ്ട്രീയം ഭാഷാ പഠനത്തിന്‍റെ പ്രായോഗിക നേട്ടങ്ങളെ മറയ്ക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു."എല്ലാവരും മനസ്സിലാക്കണം, ഈ അനാവശ്യ രാഷ്ട്രീയത്തിന് പകരം, ആശയവിനിമയത്തിന് ആവശ്യമായത്ര ഭാഷകൾ എങ്ങനെ പഠിക്കാമെന്ന് നമ്മൾ ചിന്തിക്കണം." നായിഡു പറഞ്ഞു.

Advertising
Advertising

മാതൃഭാഷയിൽ അഭിമാനിക്കുന്നവർ ലോകമെമ്പാടും വിജയം നേടുമെന്നും നായിഡു ഉറപ്പിച്ചു പറഞ്ഞു."ഭാഷ ആശയവിനിമയത്തിനുള്ള ഒരു ഉപാധിയാണ്. ഭാഷ കൊണ്ട് അറിവ് നേടാനാവില്ല. മാതൃഭാഷ പഠിച്ച് അഭിമാനത്തോടെ സംസാരിക്കുന്നവരാണ് ലോകമെമ്പാടുമുള്ള ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നത്," നായിഡു നിയമസഭയിൽ വ്യക്തമാക്കി. "നമ്മുടെ മാതൃഭാഷ പഠിക്കാൻ എളുപ്പമാണ്. ഈ സഭയിലും ഞാൻ അത് പറയുന്നു." വ്യക്തികളുടെ ഉപജീവന സാധ്യതകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ആവശ്യമെങ്കിൽ ജാപ്പനീസ്, ജർമൻ തുടങ്ങിയ അധിക ഭാഷകൾ പഠിക്കാൻ ആന്ധ്രാപ്രദേശ് സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രി പവൻ കല്യാണും ഈയിടെ ഹിന്ദി വിഷയത്തിൽ പ്രതികരിച്ചിരുന്നു.

തമിഴ്‌നാട് ഹിന്ദിക്ക് എതിരാണെങ്കിൽ തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് എന്തിനാണ് ഡബ്ബ് ചെയ്യുന്നതെന്ന് കല്യാൺ ചോദിച്ചു. ഏത് ഭാഷയെയും വെറുക്കുന്ന മനോഭാവം മാറേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. എല്ലാ ഇന്ത്യൻ ഭാഷകളുടെയും പ്രാധാന്യത്തെക്കുറിച്ചും പവന്‍ സംസാരിച്ചിരുന്നു. ഇതിനെതിരെ നടൻ പ്രകാശ് രാജ് രംഗത്ത് വന്നിരുന്നു. "നിങ്ങളുടെ ഹിന്ദി ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത് എന്ന് പറയുന്നത് മറ്റൊരു ഭാഷയെ വെറുക്കുന്നതിന് തുല്യമല്ല. നമ്മുടെ മാതൃഭാഷയെയും സാംസ്കാരിക സ്വത്വത്തെയും അഭിമാനത്തോടെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്" പ്രകാശ് രാജ് എക്സിൽ കുറിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News