'കോടതിയുടെ ക്ഷമ പരീക്ഷിക്കുന്നു': കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ചതിൽ പരസ്യമായി മാപ്പ് പറയാത്ത ബിജെപി മന്ത്രിക്കെതിരെ സുപ്രിംകോടതി

ഓണ്‍ലൈനിലൂടെ ക്ഷമാപണം നടത്തിയെന്നായിരുന്നു മന്ത്രി കുൻവർ വിജയ് ഷായുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്

Update: 2025-07-28 12:27 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയാത്ത മധ്യപ്രദേശ് ബിജെപി മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി.

അദ്ദേഹം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയയത്. അദ്ദേഹം നടത്തിയ ഓണ്‍ലൈന്‍ ക്ഷമാപണത്തേയും കോടതി 'കുടഞ്ഞു'. 

'ഇങ്ങനെ ക്ഷമാപണം നടത്തുന്നതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്? ഈ മനുഷ്യൻ നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ച് നമ്മെ കൂടുതൽ സംശയാലുക്കളാക്കുന്നതാണ് ആ ഓൺലൈൻ ക്ഷമാപണം''- ഷായുടെ അഭിഭാഷകനോട് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു.  മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് ഷായ്ക്കുവേണ്ടി ഹാജരായത്. 

Advertising
Advertising

ഷാ, പരസ്യമായി ക്ഷമാപണം നടത്തിയെന്നും അത് ഓൺലൈനിൽ ലഭ്യമാണെന്നും കോടതിയുടെ രേഖയിൽ ഉൾപ്പെടുത്തുമെന്നുമായിരുന്നു അഭിഭാഷകൻ കെ. പരമേശ്വർ കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം മന്ത്രി നടത്തിയ പ്രസ്താവനകളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) ഓഗസ്റ്റ് 13നകം റിപ്പോർട്ട് സമർപ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. കേസ് ഇനി അടുത്ത മാസം 18ന് പരിഗണിക്കും. 

കഴിഞ്ഞ മെയിലാണ് കേണൽ സോഫിയ ഖുറേഷിയെ, സംസ്ഥാന ആദിവാസി ക്ഷേമ മന്ത്രി കൂടിയായ മന്ത്രി കുൻവർ വിജയ് ഷാ അധിക്ഷേപിച്ചത്. ഭീകരവാദികളുടെ സഹോദരി എന്നാണ് സോഫിയ ഖുറേഷിയയെ മന്ത്രി, പരോക്ഷമായി വിശേഷിപ്പിച്ചത്.

ഇൻഡോർ ജില്ലയിലെ മഹുവിൽ നടന്ന ഒരു സര്‍ക്കാര്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ തിരിച്ചടിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലിനെയും അഭിനന്ദിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ കടന്നുവന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News