'ബാലാസാഹെബിന് സാധിക്കാത്തത് ഫഡ്നാവിസിന് സാധിച്ചു'; രണ്ട് പതിറ്റാണ്ടിന് ശേഷം ഒരേ വേദിയിൽ താക്കറെ സഹോദരൻമാര്‍
തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇരുവരും ചേര്‍ത്തുപിടിച്ച് കൈവീശി
മുംബൈ: രണ്ട് പതിറ്റാണ്ടിന് ശേഷം വേദി പങ്കിട്ട് താക്കറെ സഹോദരൻമാര്‍. പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്‍റെ ആഘോഷച്ചടങ്ങിലാണ് ശിവസേന യുബിടി വിഭാഗം നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയും മഹാരാഷ്ട്ര നവനിര്‍മാൺ സേന അധ്യക്ഷൻ രാജ് താക്കറെയും പിണക്കം മറന്ന് ഒരേ വേദിയിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് താക്കറെ സഹോദരൻമാരുടെ പുനഃസമാഗമം എന്നതും ശ്രദ്ധേയമാണ്.
തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇരുവരും ചേര്‍ത്തുപിടിച്ച് കൈവീശി. ഹര്‍ഷാരവങ്ങളോടെയാണ് സദസ് ഉദ്ധവിനെയും രാജിനെയും സ്വീകരിച്ചത്.2005ൽ മാൽവൻ നിയമസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ഇരു നേതാക്കളും അവസാനമായി വേദി പങ്കിട്ടത്.നാരായൺ റാണെ അവിഭക്ത ശിവസേനയിൽ നിന്ന് പുറത്തുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.അതേ വർഷം തന്നെ, രാജ് താക്കറെ ശിവസേന വിട്ട് 2006 ൽ എംഎൻഎസ് രൂപീകരിച്ചു.ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയുടെ നിയമസഭാ മണ്ഡലം കൂടിയായ മുംബൈയിലെ വോർളിയിലെ എൻഎസ്‌സിഐ ഡോമിലാണ് വിജയ സംഗമം സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ തന്നെ സുപ്രധാന ദിവസമാണെങ്കിലും ഇരു പാർട്ടികളും പ്രത്യേക പതാകയോ ബാനറുകളോ ചിഹ്നങ്ങളോ ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. "എന്‍റെ മഹാരാഷ്ട്ര ഏതൊരു രാഷ്ട്രീയത്തേക്കാളും പോരാട്ടത്തേക്കാളും വലുതാണെന്ന് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇന്ന്, 20 വർഷങ്ങൾക്ക് ശേഷം, ഉദ്ധവും ഞാനും ഒന്നിച്ചു. ബാലാസാഹേബിന് ചെയ്യാൻ കഴിയാത്തത്, ദേവേന്ദ്ര ഫഡ്‌നാവിസ് ചെയ്തു... ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവന്നു'' രാജ് താക്കറെ പറഞ്ഞു.
"ഇതൊരു ചരിത്ര നിമിഷമാണ്. കുടുംബങ്ങൾ വിഭജിക്കപ്പെടുകയും ജാതിയുടെ അടിസ്ഥാനത്തിൽ ആളുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുമ്പോൾ, രണ്ട് താക്കറെ സഹോദരന്മാരും വീണ്ടും ഒന്നിച്ചിരിക്കുന്നു - അധികാരത്തിനുവേണ്ടിയല്ല, മറിച്ച് മഹാരാഷ്ട്രയുടെ അഭിമാനത്തിനുവേണ്ടി." സേന യുബിടി എംപി അരവിന്ദ് സാവന്ത് അഭിപ്രായപ്പെട്ടു. ഭാഷാപരവും സാംസ്കാരികവുമായ വേരുകൾ നേർപ്പിക്കുന്ന നയങ്ങളിലൂടെ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ സംസ്ഥാന സ്വത്വത്തെ ദുർബലപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ സ്വത്വമുണ്ട്. നാടിന്‍റെ ഭാഷയെ ബഹുമാനിക്കണം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"വർഷങ്ങൾക്ക് ശേഷം, ഈ സുവർണകാലം വന്നിരിക്കുന്നു, ഇന്ന് രണ്ട് താക്കറെമാരും ഒന്നിക്കുന്നത്, അവർ സുസ്ഥാപിതമായ ബ്രാൻഡുകളാണ്, രാഷ്ട്രീയം കാരണമല്ല, മറിച്ച് മഹാരാഷ്ട്രയുടെ ബഹുമാനത്തിനു വേണ്ടിയാണ് .ബിജെപി അടിച്ചമർത്താനും തകർക്കാനും ആഗ്രഹിക്കുന്ന ഒരു ബഹുമതി. ബിജെപി മഹാരാഷ്ട്രയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു, പക്ഷേ 'ജയ് ഗുജറാത്ത്' എന്ന് വിളിക്കുന്നു, പക്ഷേ അത് സംഭവിക്കില്ല. മഹാരാഷ്ട്ര എപ്പോഴും ഒന്നാമതായിരിക്കും, പിന്നെ മറ്റ് സംസ്ഥാനങ്ങൾ വരും..." മറ്റൊരു സേന എംപി ആനന്ദ് ദുബെ എഎൻഐയോട് വ്യക്തമാക്കി.
2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ശിവസേന യുബിടിയും എംഎൻഎസും വോട്ടർമാർക്കിടയിൽ തങ്ങളുടെ ശക്തി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. വര്‍ഷങ്ങൾക്ക് ശേഷമുള്ള താക്കറെ സഹോദരൻമാരുടെ കൂടിച്ചേരൽ മഹാരാഷ്ട്ര രാഷ്ട്രീയ ഭൂപടത്തിൽ തന്നെ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ശിവസേന സ്‌ഥാപകന്‍ ബാല്‍ താക്കറെയുടെ മരണത്തേത്തുടര്‍ന്ന്, മകന്‍ ഉദ്ധവ് താക്കറെ രാഷ്‌ട്രീയ പിന്തുടര്‍ച്ചാവകാശിയായി മാറിയതില്‍ പ്രതിഷേധിച്ചാണ് ബാല്‍താക്കറെയുടെ അനന്തരവന്‍ കൂടിയായ രാജ് താക്കറെ എംഎന്‍എസ് രൂപീകരിച്ചത്.