ലോകത്തിലെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ; ചെനാബ് പാലം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ജമ്മു കശ്മീരിൽ നടക്കുന്ന ചടങ്ങ്‌ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Update: 2025-06-06 03:06 GMT

ന്യൂഡൽഹി: ഹിമാലയത്തിന്റെ ഭംഗി ആസ്വദിച്ച് കാശ്മീർ താഴ്വരയെ കണ്ടറിഞ്ഞ് ഒരു ട്രെയിൻ യാത്ര. ഇതായിരിക്കും ഇനി ജമ്മു കാശ്മീരിലേക്ക് എത്തുന്ന ഓരോ സഞ്ചാരിയുടെയും മനസ്സ് പറയുന്നത്. ലോകത്തെ ഏറ്റവും ഉയരമേറിയ ആർച്ച് റെയിൽ പാലം ജമ്മുകശ്മീരിൽ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ കേബിൾ നിർമ്മിത പാലമാണ് ചെനാബിൽ രാജ്യത്തിനായി സമർപ്പിക്കുന്നത്. ജമ്മു കാശ്മീരിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ വാതായനങ്ങൾ തുറക്കുകയാണ് ഇന്ത്യ. സമുദ്രനിരപ്പിൽ നിന്ന് 856 മീറ്റർ ഉയരത്തിൽ ഇന്ത്യ തീർത്ത വിസ്മയം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമ്മാനിക്കുകയാണ്.

Advertising
Advertising

ഉധംപുർ-ശ്രീനഗർ-ബാരാമുള്ള താഴ്‌വരകളെ ബന്ധിപ്പിച്ചുകൊണ്ട് 1.10 കിലോമീറ്റർ ദൈർഘ്യത്തിലാണ് ചെനാബ് നദിക്ക് മുകളിലൂടെ ഇന്ത്യൻ റെയിൽവേ പാലം നിർമിച്ചിരിക്കുന്നത്. ഒരു തൂണിൽ 96 കേബിളുകളിൽ ഘടിപ്പിച്ചിരിക്കുന്ന പാലം കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ അഭിമാനങ്ങളിൽ ഒന്നാണ്. അൻജി നിർമ്മാണ വൈഭവത്തിൽ തീർത്ത പാലത്തിന് 473 മീറ്റർ ആണ് നീളം. ചെനാബ് നദിക്ക് കുറുകെ 359 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലം ഈഫൽ ടവറിന്റെ റെക്കോർഡും കടത്തിവെട്ടിയിരിക്കുന്നു.

110 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാവുന്ന പാലത്തിന് 120 വർഷത്തെ ആയുസ്സാണ് പറഞ്ഞിട്ടുള്ളത് . എട്ടുവർഷംകൊണ്ട് 400ലധികം ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന്റെ സാക്ഷാത്കാരമാണ് ചെനാബ് ആർച്ച് റെയിൽപാലം. ഇന്ത്യ പാക്ക് സംഘർഷ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ്സുകളും പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News