മോഷണാരോപണം; സൂറത്തിൽ രണ്ട് ടെക്സ്‌റ്റൈൽ തൊഴിലാളികൾക്ക് ക്രൂര മർദനം, വിവസ്ത്രരാക്കി മാർക്കറ്റിലൂടെ നടത്തി
സംഭവത്തിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ സലാബത്പുര പൊലീസ് ബിഎൻഎസ് പ്രകാരവും, പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
സൂററ്റ്: സൂറത്തിലെ ആൻമോൾ ടെക്‌സ്‌റ്റൈൽ മാർക്കറ്റിലെ തൊഴിലാളികളായ രണ്ടുപേർക്കു നേരെ മോഷണമാരോപിച്ച് അതിക്രൂര മർദനം. മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം വ്യാപാരികൾ ചേർന്നാണ് തൊഴിലാളികളെ വിവസ്ത്രരാക്കി മാർക്കറ്റിലൂടെ നടത്തുകയും വടികളുപയോഗിച്ച് തല്ലിചതക്കുകയും ചെയ്തത്. സംഭവത്തിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ചയാണ് മാർക്കറ്റിലെ രണ്ടാം നിലയിലെ 213ാം നമ്പർ കടയ്ക്കു സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന ജിതു വാഗ്, പ്രദീപ് മോരെ എന്നിവരെ മൂന്നു വ്യാപാരികൾ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് ഇവരെ കടയുടെ ഉള്ളിലേക്കു കൊണ്ടുപോയി ഒരു മണിക്കൂറോളം മർദിക്കുകയും അപമാനിക്കുകയും ചെയ്തു. പിന്നീട് മറ്റു വ്യാപാരികൾ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
ജിതു വാഗിന് ഗുരുതര പരിക്കേറ്റതിനാൽ വൈദ്യസഹായം തേടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് കേസെടുത്തു. വൈഭവ് ഭലോട്ടിയ, നിതേഷ് കേട്ടിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ രവി ജയ്പൂരിയ ഒളിവിലാണ്. പ്രതികൾക്കെതിരെ സലാബത്പുര പൊലീസ് ബിഎൻഎസ് പ്രകാരവും, പട്ടികജാതി - വർഗ അതിക്രമം തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.