ഇംഗ്ലീഷിന് പകരം ഹിന്ദിയും ഇന്ത്യൻ ഭാഷകളും പ്രചരിപ്പിക്കുന്നതിൽ തെറ്റില്ല: ബി.ജെ.പി

മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയവർ ഹിന്ദി, പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ടെന്നും ബിജെപി നേതാവ്

Update: 2022-10-13 16:00 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: ഇംഗ്ലീഷ് ഭാഷയ്ക്ക് പകരം ഹിന്ദിയും മറ്റു ഇന്ത്യൻ ഭാഷകളും പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക സ്വദേശിയും തമിഴ്നാട് ബിജെപിയുടെ ചുമതലക്കാരനുമാണ് സി.ടി രവി. ജനങ്ങൾ കൊളോണിയൽ ചിന്താഗതികളിൽ നിന്ന് പുറത്തുവരേണ്ടത് അനിവാര്യമാണ്. കൊളോണിയൽ ചിന്താഗതികളിൽ നിന്ന് മുക്തി നേടുകയും പൂർണ സ്വതന്ത്രരായി നിലകൊള്ളുകയും ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്നും ബി.ജെ.പി നേതാവ് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം ഹിന്ദിയിലും അതത് പ്രാദേശിക ഭാഷകളിലും ആയിരിക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശകളോട് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായാണ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഇംഗ്ലീഷിന് പകരം ഹിന്ദിക്ക് പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ പ്രാദേശിക ഭാഷകളുടെ സ്ഥാനത്ത് ഹിന്ദിയെ പ്രതിഷ്ഠിക്കുകയല്ല സർക്കാർ ചെയ്യുന്നത്. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ നേതാക്കളും ഹിന്ദി, പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനെ പിന്തുണച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം 2020 ഹിന്ദിയുടെയും മറ്റെല്ലാ ഇന്ത്യൻ ഭാഷകളുടെയും പ്രോത്സാഹനം വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News