തേജസ്വി യാദവിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ ആദ്യമായി എംഎൽഎമാരായി; ഒരേ സീറ്റിൽ നിന്ന് ഒമ്പതാം തവണയും ജയത്തിലേക്ക്
യഥാക്രമം ഗയ ടൗണിൽ നിന്നും സുപോളിൽ നിന്നുമാണ് ഇരുവരും ജനവിധി തേടുന്നത്.
Photo| Special Arrangement
പട്ന: ബിഹാറിൽ ആർജെഡി നേതാവ് തേജസ്വി യാദവിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ ആദ്യമായി എംഎൽഎമാരായവർ അതേ മണ്ഡലങ്ങളിൽനിന്ന് തുടർച്ചയായ ഒമ്പതാം ജയത്തിലേക്ക്. 1990ലും അതിനു ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ഒരേ സീറ്റുകളിൽ നിന്ന് വിജയിച്ച ബിജെപിയുടെ പ്രേം കുമാറും ജെഡിയുവിന്റെ ബിജേന്ദ്ര പ്രസാദ് യാദവുമാണ് ഇത്തവണയും മുന്നിലുള്ളത്.
യഥാക്രമം ഗയ ടൗണിൽ നിന്നും സുപോളിൽ നിന്നുമാണ് ഇരുവരും ലീഡ് ചെയ്യുന്നത്. ആദ്യ ജയത്തിന് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ നിലവിൽ ഇരുവരും നിതീഷ് കുമാർ മന്ത്രിസഭയിലെ മന്ത്രിമാരും കൂടിയാണ്. പ്രേംകുമാർ സഹകരണ, പരിസ്ഥിതി വകുപ്പുകൾ കൈകാര്യം ചെയ്യുമ്പോൾ ബിജേന്ദ്ര യാദവ് വൈദ്യുതി മന്ത്രിയാണ്.
ഗയ ടൗണിൽ, കോൺഗ്രസിന്റെ അഖൗരി ഓൻകൂർ നാഥാണ് പ്രേംകുമാറിന് പിന്നിൽ. 26,000ലേറെ വോട്ടുകൾക്കാണ് ഇവിടെ പ്രേംകുമാർ ലീഡ് ചെയ്യുന്നത്. ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയും മുൻ എംപിയുമായ ധീരേന്ദ്ര അഗർവാളാണ് മൂന്നാം സ്ഥാനത്ത്. അതേസമയം, കോൺഗ്രസിന്റെ മിന്നത്തുല്ല റഹ്മാനിയാണ് സുപോളിൽ യാദവിന്റെ എതിരാളി. ഇവിടെ റഹ്മാനി നിലവിൽ രണ്ടാം സ്ഥാനത്താണ്.
വോട്ടെണ്ണൽ ആറാം മണിക്കൂറിലേക്ക് കടക്കുമ്പോൾ 208 സീറ്റുകളിൽ ലീഡ‍് ചെയ്ത് എൻഡിഎ വീണ്ടും അധികാരത്തിലേക്ക് നീങ്ങുകയാണ്. കനത്ത തിരിച്ചടിയാണ് തേജസ്വിയുടെ ആർജെഡി നേതൃത്വത്തിലുള്ള മഹാഗഢ്ബന്ധൻ സഖ്യത്തിന് നേരിടേണ്ടിവന്നത്. 2020ൽ 75 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡിയുടെ സീറ്റ് നില ഇത്തവണ കുത്തനെ ഇടിഞ്ഞു. കോൺഗ്രസിനും കനത്ത തിരിച്ചടിയാണേറ്റത്.