'ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും അവർ ഫ്രിഡ്ജ് കാണണമായിരുന്നു'; സ്വര ഭാസ്കറിന് മുന്നറിയിപ്പുമായി സാധ്വി പ്രാചി

'സ്വര ഭാസ്‌കർ എന്നും ഹിന്ദു മതത്തിന് എതിരാണ്. അവർ ഹിന്ദു മതത്തിൽ പെടാത്ത ഒരാളെ മാത്രമേ വിവാഹം കഴിക്കൂവെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അവർ ഒരു മുസ്‍ലിമിനെ വിവാഹം കഴിച്ചു'

Update: 2023-02-22 05:47 GMT

ഡല്‍ഹി: സമാജ് വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം കഴിച്ച നടി സ്വര ഭാസ്‌കറിന് മുന്നറിയിപ്പുമായി വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ഡൽഹിയിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ശ്രദ്ധ വാൾക്കിറിന്റെ സ്ഥിതിയാവും സ്വര ഭാസ്‌കറിനെന്നാണ് സാധ്വി പ്രാചിയുടെ മുന്നറിയിപ്പ്.

'ശ്രദ്ധ എങ്ങനെയാണ് മരണപ്പെട്ടതെന്ന വാർത്ത സ്വര ഭാസ്‌കർ ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഇത്രയും വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും അവർ ഫ്രിഡ്ജ് കാണണമായിരുന്നു. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണ്. എനിക്ക് അധികമൊന്നും പറയാനില്ല. എന്നാൽ ശ്രദ്ധയ്ക്ക് സംഭവിച്ചത് സ്വരയ്ക്കും സംഭവിക്കാം. സ്വര ഭാസ്‌കർ എന്നും ഹിന്ദു മതത്തിന് എതിരാണ്. അവർ ഹിന്ദു മതത്തിൽ പെടാത്ത ഒരാളെ മാത്രമേ വിവാഹം കഴിക്കുൂവെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അവർ ഒരു മുസ്‍ലിമിനെ വിവാഹം കഴിച്ചു'. സ്വാധ്വി പ്രാചി പറഞ്ഞു.

Advertising
Advertising

ജനുവരി ആറിനാണ് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം സ്വര ഭാസ്‌കർ സമാജ് വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദിനെ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചതോടെയാണ് വിവരം സ്ഥിരീകരിച്ചത്.

'ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങൾ വിദൂരതയിൽ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാർ അഹ്‌മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!' വീഡിയോക്കൊപ്പം സ്വര ട്വിറ്ററിൽ കുറിച്ചു. ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെൻഷൻ ചെയ്തായിരുന്നു കുറിപ്പ്.

ഈ ട്വീറ്റ് ഫഹദ് അഹ്‌മദും പങ്കുവെച്ചു. 'അരാജകമായ കാര്യങ്ങൾ ഇത്ര മനോഹരമാകുമെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്റെ പ്രേമത്തിന്റെ കൈ ചേർത്തുപിടിച്ചതിന് നന്ദി' ഫഹദ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം സ്വര ഭാസ്‌കർ 'പ്രണയ'ത്തെക്കുറിച്ചുള്ള നിഗൂഢ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഒരു പുരുഷന്റെ കൈകളിൽ തല ചായ്ച്ചുകിടക്കുന്ന ചിത്രമാണ് അവർ പങ്കുവെച്ചത്. ഫോട്ടോയിൽ അവരുടെ മുഖം കണ്ടിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് സ്വര എഴുതി 'ഇത് പ്രണയമായിരിക്കാം...' പോസ്റ്റ് അഭിനേതാവും സുഹൃത്തുമായ സോനം കപൂറടക്കം നിരവധി താരങ്ങൾ ലൈക്ക് ചെയ്തിരുന്നു. ഫോട്ടോയിലെയാൾ സ്വരയുടെ കാമുകനാണോയെന്ന് പലരും ചോദിച്ചു. കാമുകൻ ഫഹദായിരുന്നുവതെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

എഴുത്തുകാരൻ ഹിമാൻഷു ശർമ്മയുമായി സ്വര ഡേറ്റിംഗിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ 2019ൽ അവർ വേർപിരിഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പൂജ ചോപ്ര, മെഹർ വിജ്, ശിഖ തൽസാനിയ എന്നിവരോടൊപ്പം ജഹാൻ ചാർ യാർ എന്ന ചിത്രത്തിലാണ് സ്വര അവസാനമായി അഭിനയിച്ചത്. ചിത്രം 2022 സെപ്റ്റംബർ 16 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News