ആരും നില്‍ക്കണമെന്നില്ല, താല്‍പര്യമില്ലാത്തവര്‍ക്ക് പോകാം; പുതിയ ശിവസേന രൂപീകരിക്കുമെന്ന് താക്കറെ

സേനയെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വെള്ളിയാഴ്ച പാര്‍ട്ടിപ്രവര്‍ത്തകരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുന്നതിനിടെ താക്കറെ പറഞ്ഞു

Update: 2022-06-25 06:35 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: ഏക്നാഥ് ഷിന്‍ഡെയും ബി.ജെ.പിയും ചേര്‍ന്ന് ശിവസേന കേഡര്‍മാരെയും പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നവരെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സേനയെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വെള്ളിയാഴ്ച പാര്‍ട്ടിപ്രവര്‍ത്തകരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുന്നതിനിടെ താക്കറെ പറഞ്ഞു.

സാധാരണക്കാരായ ശിവസേന പ്രവർത്തകർ തന്‍റെ സ്വത്ത് ആണെന്നും അവർ തന്നോടൊപ്പമുള്ളിടത്തോളം മറ്റുള്ളവരുടെ വിമർശനങ്ങൾ താൻ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. '' ശിവസേനയെ സ്വന്തം ആളുകള്‍ തന്നെ വഞ്ചിച്ചിരിക്കുകയാണ്. നിങ്ങളിൽ പലരും ഈ വിമതർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകി.നിങ്ങളുടെ കഠിനാധ്വാനം കാരണം തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഈ ആളുകൾ അസംതൃപ്തരാണ്. ഈ നിർണായക സമയത്ത് നിങ്ങൾ പാർട്ടിക്കൊപ്പം നിൽക്കുന്നു. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല'' താക്കറെ പാര്‍ട്ടിപ്രവര്‍ത്തകരോട് പറഞ്ഞു.

Advertising
Advertising

സഖ്യകക്ഷികളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ ഏകനാഥ് ഷിൻഡെയോട് ഞാൻ പറഞ്ഞിരുന്നു. സേന ബി.ജെ.പിയുമായി കൈകോർക്കണമെന്ന് നിയമസഭാംഗങ്ങൾ സമ്മർദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഈ എം.എൽ.എമാരെ എന്‍റെയടുക്കൽ കൊണ്ടുവരാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നമുക്കിത് ചർച്ച ചെയ്യാം. ബി.ജെ.പി ഞങ്ങളോട് മോശമായി പെരുമാറി, വാഗ്ദാനങ്ങൾ പാലിച്ചില്ല. വിമതർക്കെതിരെ നിരവധി കേസുകളുണ്ട്. ബി.ജെ.പിക്കൊപ്പം പോയാൽ അതൊക്കെ ഇല്ലാതാകും. ഞങ്ങളുടെ കൂടെ നിന്നാൽ ജയിലിൽ പോകും. ഇത് സൗഹൃദത്തിന്‍റെ അടയാളമാണോ?

പാർട്ടിയെ നയിക്കാൻ തനിക്ക് കഴിവില്ലെന്ന് സേന പ്രവർത്തകർക്ക് തോന്നിയാൽ പാർട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ തയ്യാറാണെന്നും താക്കറെ പറഞ്ഞു. ശിവസേന ഒരു പ്രത്യയശാസ്ത്രമാണ്. ഹിന്ദു വോട്ട് ബാങ്ക് ആരുമായും പങ്കിടാൻ ആഗ്രഹിക്കാത്തതിനാൽ അത് അവസാനിപ്പിക്കാൻ ബി.ജെ.പി ആഗ്രഹിക്കുന്നു.വിമത ഗ്രൂപ്പിന് ബി.ജെ.പിയിൽ ചേരുകയല്ലാതെ മറ്റൊരു മാർഗവുമില്ല, സർക്കാർ രൂപീകരിക്കുന്നതിൽ വിജയിച്ചാലും അത് അധികനാൾ നിലനിൽക്കില്ല. കാരണം അവരിൽ പല എംഎൽഎമാരും യഥാർത്ഥത്തിൽ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു. വിമതർക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല. പാര്‍ട്ടിയില്‍ നിന്നും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോകാം. താന്‍ പുതിയ ശിവസേന രൂപീകരിക്കുമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News