കേരളത്തിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് അവർ പോയത് മരണത്തിലേക്ക്; നോവായി നേപ്പാൾ വിമാനദുരന്തത്തിനിരയായ ആ മൂന്ന് പേർ

പത്തനംതിട്ട ആനിക്കാട് വെള്ളിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് കാഠ്മണ്ഡു സ്വദേശികളായ അഞ്ച് പേർ കേരളത്തിലെത്തിയത്.

Update: 2023-01-16 09:40 GMT

കേരളത്തിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം ആ മൂന്ന് പേർ പോയത് മരണത്തിന്റെ കൈകളിലേക്ക്. നേപ്പാൾ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ 68 യാത്രികരിൽ മൂന്നു പേരാണ് അവർ. പത്തനംതിട്ടയിൽ ഒരു വൈദികന്റെ മരണാനന്തര ചടങ്ങിനെത്തി മടങ്ങുകയായിരുന്നു അവർ.

പത്തനംതിട്ട ആനിക്കാട് വെള്ളിയാഴ്ച നടന്ന സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് കാഠ്മണ്ഡു സ്വദേശികളായ രാജു, റോബിൻ, അനിൽ, ദീപക്, സരൺ എന്നിവർ കേരളത്തിലെത്തിയത്. ഇതിൽ രാജു, റോബിൻ, അനിൽ എന്നിവർക്കാണ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായത്. മറ്റു രണ്ട് പേർ ഈ വിമാനത്തിൽ കയറിയിരുന്നില്ല.

Advertising
Advertising

നേപ്പാളിൽ 45 വർഷമായി ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ വൈദികനായിരുന്ന ആനിക്കാട് സ്വദേശി മാത്യു ഫിലിപ്പാണ് മരണപ്പെട്ടത്. അർബുദ ബാധിതനായിരുന്ന 76കാരൻ ജനുവരി 11നാണ് മരിച്ചത്. അർബുദത്തെ തുടർന്ന് രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയെത്തിയത്.

'ജനുവരി 13നായിരുന്നു സംസ്കാര ചടങ്ങ്. അവിടെ നിന്നെത്തിയവർക്ക് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കാഠ്മണ്ഡുവിലേക്കും ആയിരുന്നു വിമാനം. എന്നാൽ ദീപക്, സരൺ എന്നിവർ കാഠ്മണ്ഡുവിൽ നിന്നുള്ള ആ വിമാനത്തിൽ കയറിയിരുന്നില്ല. മറ്റു മൂന്നു പേർ കയറി. അവരാണ് അപകടത്തിൽപ്പെട്ടത്. ആ വാർത്ത ഞങ്ങളെ ഞെട്ടിച്ചു'- മാത്യു ഫിലിപ്പിന്റെ സഹോദരൻ തോമസ് പറഞ്ഞു.

കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 10.30ന് നിന്ന് പുറപ്പെട്ട യതി എയർലൈൻസിന്‍റെ വിമാനമാണ് തകർന്നുവീണത്. പോഖറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്‍റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു.

68 യാത്രക്കാരും നാല് ജീവനക്കാരും ഉള്‍പ്പെടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ 68 പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന 15 വിദേശ പൗരന്മാരിൽ അഞ്ച് ഇന്ത്യക്കാരും നാല് റഷ്യക്കാരും രണ്ട് കൊറിയക്കാരും ഒരു ആസ്‌ട്രേലിയക്കാരനും ഒരു ഫ്രഞ്ചുകാരനും ഒരു അർജന്റീനക്കാരനും ഒരു ഇസ്രായേലിയും ഉൾപ്പെടുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News