'ഖേലാ ഹോബെ' മുദ്രാവാക്യം: തൃണമൂല്‍ നേതാവ് സായോണി ഘോഷ് ത്രിപുരയില്‍ അറസ്റ്റില്‍

ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കി, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സായോണിക്കെതിരെ ചുമത്തിയത്

Update: 2021-11-22 03:10 GMT
Advertising

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാളി സിനിമാതാരവുമായ സായോണി ഘോഷ് ത്രിപുരയില്‍ അറസ്റ്റില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിന്‍റെ പരിപാടി അലങ്കോലമാക്കിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് വിശദീകരണം. അതേസമയം സയോണിയെ പൊലീസ് സ്‌റ്റേഷനില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തൃണമൂലിന്‍റെ യുവജന വിഭാഗം നേതാവാണ് സായോണി.

ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കി, കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സായോണിക്കെതിരെ ചുമത്തിയത്. സായോണിക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് വെസ്റ്റ് ത്രിപുര അഡിഷണല്‍ എസ്പി ജഗദീഷ് റെഡ്ഡി പറഞ്ഞു. സായോണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സായോണി ആരെയാണ് വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്‍റെ പൊതുപരിപാടിക്കിടെ 'കളി തുടങ്ങി'യെന്ന് (ഖേലാ ഹോബെ) സായോണി മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ തൃണമൂല്‍ മുഴക്കിയ മുദ്രാവാക്യമാണിത്.

ചോദ്യംചെയ്യലിന് ഹാജരായ സായോണിയെയും കൂടെയുണ്ടായിരുന്ന സുസ്മിത ദേബ് എം.പി, കുണാല്‍ ഘോഷ്, സുബല്‍ ഭൗമിക് എന്നിവരെയും ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാനായി മുതിര്‍ന്ന തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജി ഉടന്‍ ത്രിപുരയിലെത്തും.

തൃണമൂല്‍ കോണ്‍ഗ്രസ് ത്രിപുരയില്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ആക്രമണം നേരിടുകയാണെന്ന് പരാതിയുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കരുതെന്ന് സുപ്രീംകോടതി അടുത്ത കാലത്ത് ത്രിപുര പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം 25ന് ത്രിപുരയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News