പട്യാല സംഘർഷം: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി; ഇന്റർനെറ്റ് വിച്ഛേദിച്ചു

വെള്ളിയാഴ്ച നടന്ന ഖലിസ്ഥാൻ വിരുദ്ധ റാലിക്കിടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. രൂക്ഷമായ കല്ലേറിൽ നാലുപേർക്ക് പരിക്കേറ്റു.

Update: 2022-04-30 05:26 GMT
Advertising

ഛണ്ഡീഗഡ്: ഖലിസ്ഥാൻ വിരുദ്ധ റാലിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ പട്യാലയിൽ കർശന ഇടപെടലുമായി പഞ്ചാബ് സർക്കാർ. അക്രമം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻമാരെ സ്ഥലംമാറ്റി. പട്യാല റേഞ്ച് ഐജി, പട്യാല സീനിയർ എസ്.പി, എസ്.പി എന്നിവരെയാണ് സ്ഥലം മാറ്റിയത്.

മുഖ്‌വീന്ദർ സിങ് ചിന്നയെ പുതിയ ഐ.ജിയായും ദീപക് പരീഖിനെ പുതിയ സീനിയർ സൂപ്രണ്ടായും നിയമിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വസീർ സിങ് ആണ് പുതിയ എസ്.പി. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതൽ ഇന്ന് രാവിലെവരെ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങളും ഇന്ന് രാവിലെ 9.30 മുതൽ വൈകീട്ട് ആറുവരെ നിർത്തലാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന ഖലിസ്ഥാൻ വിരുദ്ധ റാലിക്കിടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. രൂക്ഷമായ കല്ലേറിൽ നാലുപേർക്ക് പരിക്കേറ്റു. ആകാശത്തേക്ക് വെടിവെച്ചാണ് പൊലീസ് സംഘർഷാവസ്ഥ ലഘൂകരിച്ചത്. പഞ്ചാബിന്റെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News