ഹണിമൂണിന് എസി കൂപ്പെ മണിയറ ആക്കി ദമ്പതികൾ, എട്ടിന്റെ പണി കിട്ടിയത് ടിക്കറ്റ് ചെക്കർക്ക്!

ജൂലൈ 6ന് മഹാരാഷ്ട്രയിലെ ജൽനയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച നവദമ്പതികളാണ് ട്രെയിൻ യാത്ര ഒരു സ്പെഷ്യൽ ഇവന്റാക്കി മാറ്റിയത്

Update: 2026-07-09 03:50 GMT

മുംബൈ: പ്രണയം പൂത്തുലയാൻ ഏത് സമയവും എവിടവും അനുയോജ്യമാണ്. എന്നാൽ അത് ഇന്ത്യൻ റെയിൽവേയുടെ ഒരു ഫസ്റ്റ് ക്ലാസ് എസി കൂപ്പെയിലാകുമ്പോൾ സംഗതി കുറച്ചു വേറെ ലെവലാകും! മഹാരാഷ്ട്രയിലാണ് രസകരവും എന്നാൽ ഉദ്യോഗസ്ഥർക്ക് എട്ടിന്റെ 'പണി' കിട്ടിയതുമായ ഈ സംഭവം അരങ്ങേറിയത്. നന്ദിഗ്രാം എക്സ്പ്രസിലെ എസി കൂപ്പെ ഒരു കിടിലൻ മണിയറയാക്കി മാറ്റിയ നവദമ്പതികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ടിക്കറ്റ് ചെക്കർക്ക് സസ്പെൻഷൻ നൽകി മുഖം രക്ഷിച്ചിരിക്കുകയാണ് റെയിൽവേ.

ജൂലൈ 6ന് മഹാരാഷ്ട്രയിലെ ജൽനയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ച നവദമ്പതികളാണ് ട്രെയിൻ യാത്ര ഒരു സ്പെഷ്യൽ ഇവന്റാക്കി മാറ്റിയത്. ബൽഹർഷാ-മുംബൈ നന്ദിഗ്രാം എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ 'ജി കൂപ്പ'യാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. വെറുതെ ഒന്ന് യാത്ര ചെയ്ത് മടങ്ങാൻ അവർക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. യാത്രയ്ക്ക് മുൻപായി ഒരു ഡെക്കറേറ്ററെ വെച്ച് കോച്ച് മുഴുവൻ അവർ അലങ്കരിച്ചു.

Advertising
Advertising

ചുവപ്പും പിങ്കും നിറത്തിലുള്ള ബലൂണുകൾ, നിറയെ പൂക്കൾ, റോസാദളങ്ങൾ, ഫെയറി ലൈറ്റുകൾ, 'ഐ ലവ് യൂ' എന്ന് എഴുതിവെച്ച ബോർഡ്... ഇതിനെല്ലാം പുറമെ കത്തിച്ചുവെച്ച മെഴുകുതിരികളും! ഒറ്റനോട്ടത്തിൽ ആരും ഒന്ന് അമ്പരക്കും, ഇത് ട്രെയിൻ കോച്ചാണോ അതോ പഞ്ചനക്ഷത്ര ഹോട്ടലിലെ ഹണിമൂൺ സ്യൂട്ടാണോ എന്ന്.

ട്രെയിൻ ജൽന സ്റ്റേഷനിൽ നിർത്തിയിട്ട സമയത്താണ് ആരുമറിയാതെ ഡെക്കറേറ്റർ കോച്ചിൽ കയറി ഈ 'കലാവിരുതുകൾ' ഒക്കെ ഒപ്പിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് റെയിൽവേ അധികൃതർ വിവരമറിയുന്നത് തന്നെ. യാതൊരു മുൻകൂർ അനുമതിയും ഇല്ലാതെ പുറത്തുനിന്നുള്ള ഒരാൾ പ്രീമിയം കോച്ചിൽ കയറി അലങ്കാരപ്പണികൾ നടത്തിയത് കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് റെയിൽവേ വിലയിരുത്തി.

ഒടുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറെ സൗത്ത് സെൻട്രൽ റെയിൽവേ സസ്പെൻഡ് ചെയ്തു. ടിക്കറ്റില്ലാതെ ട്രെയിനിൽ അതിക്രമിച്ചു കയറിയതിന് ഡെക്കറേറ്റർക്കെതിരെ കേസെടുക്കുകയും ചെയ്തു. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നറിയാൻ റെയിൽവേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അലങ്കരിച്ച കോച്ചിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. 'സുഹാഗ്‌രാത് എക്സ്പ്രസ്', 'ഹണിമൂൺ ഓൺ വീൽസ്' എന്നിങ്ങനെ പലരും സംഭവത്തെ തമാശരൂപേണ ഏറ്റെടുത്തു. എന്നാൽ മറ്റ് ചിലർ ചോദിക്കുന്നത് വളരെ പ്രസക്തമായ ചോദ്യങ്ങളാണ്. 'എസി കോച്ചിനുള്ളിൽ മെഴുകുതിരികൾ കത്തിച്ചുവെച്ചത് വലിയ തീപിടുത്തത്തിന് കാരണമാകില്ലേ?, യാത്ര കഴിഞ്ഞ് ഈ മാലിന്യങ്ങൾ മുഴുവൻ ആര് വൃത്തിയാക്കും? പണം ഉണ്ടെന്ന് കരുതി പൊതുമുതൽ ഇങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കാൻ പാടുണ്ടോ?' തുടങ്ങി നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. ഏതായാലും ദമ്പതികളുടെ ആഘോഷം കഴിഞ്ഞെങ്കിലും, വിഡിയോ ഹിറ്റായതോടെ റെയിൽവേ ഉദ്യോഗസ്ഥർക്ക് വൻ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News