ഇരുപത് രൂപയുണ്ടെങ്കിൽ സിം 90 ദിവസം ആക്ടീവാകും; പുതിയ മാനദണ്ഡവുമായി ട്രായ്

നിലവിൽ എല്ലാ മാസവും സിം ആക്ടീവായി നിലനിർത്താൻ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണം

Update: 2025-01-27 10:00 GMT

ഡൽഹി: മിക്കവരുടെയും കൈയിൽ രണ്ട് സിം കാർഡുകൾ ഉണ്ടാകും. ഒന്ന് സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ സെക്കൻഡറി സിം അടിയന്തരഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കുന്നവരാകും മിക്കവരും. എന്നാൽ സെക്കൻഡറി സിം കട്ടാകാതിരിക്കാൻ റീച്ചാർജ് ചെയ്യാൻ വലിയ തുക ചെലവഴിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. അതിന് പരിഹാരമായിരിക്കുകയാണ് പുതിയ ​നിയമം.

പ്രീപെയ്‌ഡ് സിം കാര്‍ഡുകള്‍ ആക്ടീവായി നിർത്താൻ 20 രൂപ ചെലവഴിച്ചാൽ മതി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വരുത്തിയ പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നതാണ്. സിം കാര്‍ഡില്‍ കുറഞ്ഞത് 20 രൂപ ബാലന്‍സുണ്ടെങ്കില്‍ ആ സിം ആക്റ്റീവായി നിലനിത്തണമെന്നതാണ് പുതിയ മാനദണ്ഡം. നിലവിൽ എല്ലാ മാസവും ആക്ടീവായി നിലനിർത്താൻ ഏകദേശം 199 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണമായിരുന്നു. ഇത് വലിയ ഭാരമാണ് ഉപയോക്താക്കൾക്ക് ഉണ്ടാക്കിയിരുന്നത്.

പ്രീപെയ്ഡ് സിംകാർഡുകൾക്ക് മാത്രമാണ് പുതിയ നിയമം ബാധകം. 90 ദിവസത്തിനുള്ളിൽ സിം കാർഡ് ഉപയോഗിച്ചില്ലെങ്കിൽ (കോളിനോ മെസേജിനോ ഡാറ്റയ്ക്കോ മറ്റ് സര്‍വീസുകള്‍ക്കോ) സിം ഡീ ആക്റ്റിവേറ്റാകും. എന്നാൽ സിം കാർഡിൽ 20 രൂപയോ അതിൽ കൂടുതലോ രൂപ ഉണ്ടെങ്കിൽ 30 ദിവസത്തേക്ക് കൂടി ആക്ടീവാകും. 20 രൂപയിൽ താഴെയാണെങ്കിൽ സിം ഡീ ആക്ടിവേറ്റാകും. എന്നാല്‍ സിം പ്രവര്‍ത്തനരഹിതമായി 15 ദിവസത്തിനുള്ളില്‍ 20 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ സിം കാർഡ് വീണ്ടും ആക്ടീവാകും എന്നതാണ് പുതിയ വ്യവസ്ഥ.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News