വളർത്തുനായയെ കാണാനില്ലെന്ന് പരാതി; എസ്‍ടി വിഭാ​ഗത്തിൽപ്പെട്ട കോൺസ്റ്റബിളിനെ ക്രൂരമായി മർദിച്ച് മേലുദ്യോ​ഗസ്ഥൻ: പ്രതിഷേധം

റിസേർവ് ഇൻസ്പെക്ടറായ സൗരഭ് കുശ്വയാണ് ആദിവാസി വിഭാ​ഗത്തിൽപെട്ട പൊലീസ് കോൺസ്റ്റബിളായ രാഹുൽ ചൗഹാന അതിക്രൂരമായി മർദിച്ചത്

Update: 2025-08-29 04:02 GMT
Editor : Jaisy Thomas | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിൽ വളർത്തുനായയെ കാണാനില്ലെന്നാരോപിച്ച് പൊലീസുദ്യോ​ഗസ്ഥൻ ​ഗോത്രവർ​ഗക്കാരനായ കോൺസ്റ്റബിളിനെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധം ശക്തമാവുന്നു. റിസേർവ് ഇൻസ്പെക്ടറായ സൗരഭ് കുശ്വയാണ് ആദിവാസി വിഭാ​ഗത്തിൽപെട്ട പൊലീസ് കോൺസ്റ്റബിളായ രാഹുൽ ചൗഹാന അതിക്രൂരമായി മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ രാഹുലിന്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ആദിവാസി സംഘടനകളിൽ നിന്നും പ്രതിപക്ഷ പാർട്ടിയായ കോൺ​ഗ്രസിൽ സൗരഭ് കുശ്വയ്ക്കെതിരെ ഉയരുന്നത്. ആദിവാസി സംഘടനയായ ജയ് ആദിവാസി യുവ ശക്തിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Advertising
Advertising

പ്രതിഷേധത്തെ തുടർന്ന് സൗരഭിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും അഡീഷണൽ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ വടക്കുപടിഞ്ഞാറൻ ജില്ലയായ ഖരേ​ഗോൺ ജില്ലയിലാണ് സംഭവം. പൊലീസ് സേനയിലേക്ക് നിയമിതനായ രാഹുൽ ചൗഹാനെ മേലുദ്യോ​ഗസ്ഥനായ സൗരഭ് കുശ്വ തന്റെ വസതിയിലേക്ക് ജോലിക്കായി നിയോ​ഗിക്കുകയായിരുന്നു. സൗരഭ് കുശ്വയയുടെ കുഞ്ഞിനേയും നായയേും പരിപാലിക്കുകയായിരുന്നു ജോലി. എന്നാൽ ആഗസ്റ്റ് 23ന് ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ രാഹുലിനെ മേലുദ്യോ​ഗസ്ഥൻ പുലർച്ചെ 1:30 ഓടെ മൂന്ന് പൊലീസുകാരോടൊപ്പം എത്തി ജോലി ചെയ്യുന്ന വീട്ടിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഫോണും മേലുദ്യോ​ഗസ്ഥൻ പിടിച്ചെടുത്തു.

തുടർന്ന് ബം​ഗ്ലാവിൽ എത്തിച്ച് നായയെ കാണാനില്ലെന്ന് പറഞ്ഞ് ക്രൂരമർദനത്തിന് ഇരയാക്കി. മർദനത്തിലേറ്റേ പരിക്കുകൾ കാണിക്കുന്ന രാഹുലിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ആർ.ഐ സൗരഭ് കുശ്വ നിഷേധിച്ചു. മുതിർന്ന ഉദ്യോ​ഗസ്ഥരുടെ അനുമതിയോടെയാണ് തന്റെ വീട്ടിലെ അറ്റകുറ്റപണികളുടെ മേൽനോട്ടം വഹിക്കാൻ രാഹുലിനെ നിയോ​ഗിച്ചതെന്നാണ് കുശ്വ പറയുന്നത്. എന്നാൽ ഒരുദിവസം താൻ തിരിച്ചെത്തിയപ്പോൾ മദ്യകുപ്പികളും സി​ഗരറ്റ് കുറ്റികളും നിറഞ്ഞ് വീട് അലങ്കോലമായി കിടക്കുകയായിരുന്നെന്നുമാണ് രാഹുലിന്റെ വിശദീകരണം. അമിതമായി മദ്യപിച്ച രാഹുൽ തന്റെ വളർത്തുനായെ മർദിച്ചെന്നും മരിച്ചെന്ന് കരുതി ഓടയിലേക്ക് വലിച്ചെറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ രാഹുൽ മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിതായും മേലുദ്യേ​ഗസ്ഥൻ ആരോപിച്ചു.

അതേസമയം മേലുദ്യോ​ഗസ്ഥന്റെ ഭാര്യ കോൺസ്റ്റബിളിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും ആരോപണമുണ്ട്. അതിനാൽ ഭാര്യയ്ക്കും ഉദ്യോ​ഗസ്ഥനുമെതിരെ എസ്സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. എസ്ടി വിഭാ​ഗത്തിൽ നിന്നുള്ള മൂന്ന് എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കാളികളായതോടെ സംഭവത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News