കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ മൃതദേഹം ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തി

സെപ്റ്റംബര്‍ ഒന്നിനാണ് വസീര്‍ ഡല്‍ഹിയിലെത്തിയത്. സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം കാനഡയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അദ്ദേഹത്തെ അന്വേഷിക്കാന്‍ തുടങ്ങിയത്.

Update: 2021-09-09 11:07 GMT

കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ത്രിലോചന്‍ സിങ് വസീറിനെ ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോതി നഗറിലെ ഫ്‌ളാറ്റില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് കൈമാറി.

ജമ്മു കശ്മീരിലെ മുന്‍ എം.എല്‍.എ കൂടിയായ വസീറിനെ സെപ്റ്റംബര്‍ മൂന്നു മുതലാണ് കാണാതായത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. പുറത്തു നിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ വാതില്‍ കുത്തിത്തുറന്നാണ് ഇവര്‍ അകത്തു കടന്നത്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് വസീറിനെ തിരിച്ചറിഞ്ഞത്.

Advertising
Advertising

സെപ്റ്റംബര്‍ ഒന്നിനാണ് വസീര്‍ ഡല്‍ഹിയിലെത്തിയത്. സെപ്റ്റംബര്‍ മൂന്നിന് അദ്ദേഹം കാനഡയിലേക്ക് പോകേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം വിമാനത്താവളത്തില്‍ എത്തിയില്ല. ഇതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അദ്ദേഹത്തെ അന്വേഷിക്കാന്‍ തുടങ്ങിയത്. ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നാല്‍ മരണകാരണം വ്യക്തമാവുമെന്ന് പൊലീസ് പറഞ്ഞു.

വസീറുമായി അവസാനം ഫോണില്‍ സംസാരിച്ചവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. അദ്ദേഹത്തിന് ഫ്‌ളാറ്റ് വാടകക്ക് കൊടുത്ത രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വസീറിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല അനുശോചിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News