ഇന്നലെ തൃണമൂലിലേക്ക് ബിജെപി നേതാവ്; ഇന്ന് ബിജെപിയിലേക്ക് തൃണമൂൽ നേതാവ്; ഉപതെരഞ്ഞെടുപ്പിനിടെയും ബം​ഗാളിൽ കൂടുമാറ്റം

ജൂലൈ 25ന് ബിജെപി എംഎൽഎയുടെ മരണത്തോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Update: 2023-09-03 12:05 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ ബിജെപി നേതാവ് തൃണമൂലിലേക്ക് എത്തി പിറ്റേദിവസം തൃണമൂൽ വനിതാ നേതാവ് ബിജെപിയിലേക്ക്. സംസ്ഥാനത്തെ ധു​പ്​ഗുരി മണ്ഡലത്തിൽ ചൊവ്വാഴ്ച ഉപതെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പാർട്ടികളിലേക്കും നേതാക്കളുടെ കൂടുമാറ്റം. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ദ്വിപൻ പ്രമാണിക് ആണ് ശനിയാഴ്ച തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്.

പിന്നാലെ, മുൻ തൃണമൂൽ എംഎൽഎയായ മിതാലി റോയ് ബിജെപിയിലും ചേർന്നു. 2016ൽ ധു​പ്​ഗുരി മണ്ഡലത്തിൽ നിന്ന് ടിഎംസി ടിക്കറ്റിൽ ജയിച്ച മിതാലി, 2021ൽ ബിജെപിയുടെ ബിഷ്ണു പാഡ റോയിയോട് പരാജയപ്പെടുകയായിരുന്നു. ജൂലൈ 25ന് ബിഷ്ണുവിന്റെ മരണത്തോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

എന്നാൽ, വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് മിതാലി പാർട്ടി വിടുകയും എതിർചേരിയിൽ ചേരുകയുമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ, ജൽപായ്​ഗുരി എംപി ജയന്ത റോയ്, ദബ്​ഗ്രാം-ഫുൽബാരി എംഎൽഎ ശിഖ ചാറ്റർജി, ജില്ലാ പ്രസിഡന്റ് ബാപി ​ഗോസ്വാമി എന്നിവരുടെ സാന്നിധ്യത്തിലാണ് മിതാലി പാർട്ടി അം​ഗത്വമെടുത്തത്.

”ധുപ്ഗുരി ഉപതെരഞ്ഞെടുപ്പിനായി ഞാൻ പ്രചാരണം നടത്താൻ ആഗ്രഹിച്ചില്ല. പക്ഷേ എന്നെ നിർബന്ധിക്കുകയാണ് നേതാക്കൾ ചെയ്തത്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിയായതിനാലാണ് ഞാൻ ബിജെപിയിൽ ചേർന്നത്. അത് പ്രദേശത്തിന് വികസനം കൊണ്ടുവരാനും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും എന്നെ സഹായിക്കും”- മിതാലി പറഞ്ഞു.

മിതാലി പ്രദേശത്തെ മുതിർന്ന നേതാവാണെന്നും അവർക്ക് ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അറിയാമെന്നും അവരുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തുമെന്നും മജുംദാർ അവകാശപ്പെട്ടു.

2021ൽ ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്റെ വിധവ തപസി റോയിയെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാക്കിയപ്പോൾ കോളജ് പ്രൊഫസർ നിർമൽ ചന്ദ്ര റോയി ആണ് ടിഎംസി സ്ഥാനാർഥി. നാടൻപാട്ട് ഗായകൻ ഈശ്വർ ചന്ദ്ര റോയിയെ സിപിഎം മത്സരിപ്പിക്കുമ്പോൾ കോൺഗ്രസ് പിന്തുണ നൽകുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News