2023 തെരഞ്ഞെടുപ്പിൽ 70 ശതമാനം വോട്ടുകൾ നേടി ഭരണം നിലനിർത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി

അവസാനം നടന്ന സിവിക് ബോഡി തെരഞ്ഞെടുപ്പിൽ 59.01 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. സിപിഎം 18.13 ശതമാനം വോട്ടുകളും തൃണമൂൽ കോൺഗ്രസ് 16.39 ശതമാനം വോട്ടുകളുമാണ് നേടിയത്.

Update: 2021-12-09 11:36 GMT
Advertising

2023 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 70 ശതമാനം വോട്ടുകൾ നേടി ഭരണം നിലനിർത്തുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. 2048 വരെയുള്ള വികസന പ്രവർത്തനങ്ങളുടെ രൂപരേഖ തന്റെ സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''മുഴുവൻ തെരഞ്ഞെടുപ്പുകളിലും ജനങ്ങൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. 2018 നിയമസഭാ തെരഞ്ഞെടുപ്പ്, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പുകൾ, ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പ്, അർബൻ ബോഡി തെരഞ്ഞെടുപ്പ് തുടങ്ങിയ എല്ലാ തെരഞ്ഞെടുപ്പുകളിലും ജനങ്ങൾ നമ്മോടൊപ്പമായിരുന്നു. അടുത്തിടെ നടന്ന സിവിക് ബോഡി തെരഞ്ഞെടുപ്പിൽ ചരിത്രപരമായ പ്രകടനമാണ് നമ്മൾ നടത്തിയത്. 60 ശതമാനം വോട്ടുകളാണ് സിവിക് ബോഡി തെരഞ്ഞെടുപ്പിൽ നമ്മൾ നേടിയത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ശതമാനം വോട്ടുകളും നമ്മൾ നേടും''-ബിപ്ലബ് ദേബ് പറഞ്ഞു.

2018 നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം 42 ശതമാനം വോട്ടുകളാണ് നേടിയത്. സിവിക് ബോഡി തെരഞ്ഞെടുപ്പിൽ അത് 18 ശതമാനമായി കുറഞ്ഞു. വോട്ടുവിഹിതത്തിൽ വൻ ഇടിവുണ്ടായിട്ടും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്. ഇത് വോട്ടർമാരെ അപമാനിക്കലാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ വോട്ടിങ് ശതമാനം എട്ട് ശതമാനമായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അവസാനം നടന്ന സിവിക് ബോഡി തെരഞ്ഞെടുപ്പിൽ 59.01 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. സിപിഎം 18.13 ശതമാനം വോട്ടുകളും തൃണമൂൽ കോൺഗ്രസ് 16.39 ശതമാനം വോട്ടുകളുമാണ് നേടിയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News