ഇരുചക്ര വാഹനത്തിൽ രണ്ടു പേര്‍ക്കേ അനുമതിയുള്ളൂ, കുട്ടികൾക്ക് ഇളവില്ലെന്ന് കേന്ദ്രം

നിയമപ്രകാരം ഇരുചക്ര വാഹനത്തിൽ രണ്ടു പേർക്ക് യാത്ര ചെയ്യാനേ അനുമതിയുള്ളൂവെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

Update: 2023-06-04 05:54 GMT
Advertising

ഡല്‍ഹി: ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾക്ക് ഇളവ് സാധ്യമല്ലെന്ന് കേന്ദ്ര ഉപരിതല - ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരി. നിയമപ്രകാരം ഇരുചക്ര വാഹനത്തിൽ രണ്ടു പേർക്ക് യാത്ര ചെയ്യാനേ അനുമതിയുള്ളൂ. എളമരം കരീം എം.പിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി നിലപാട് അറിയിച്ചത്. ഇരുചക്ര വാഹനത്തില്‍ മൂന്നാമതായി 10 വയസ്സു വരെയുള്ള കുട്ടിയാണ് ഉള്ളതെങ്കില്‍ ഇളവ് അനുവദിക്കണം എന്നായിരുന്നു ആവശ്യം. നിലവിലെ നിയമത്തിൽ ഭേദഗതി വരുത്താൻ സാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 

എഐ ക്യാമറ കണ്ടെത്തുന്ന റോഡ് നിയമലംഘനങ്ങള്‍ക്ക് കേരളത്തില്‍ ജൂണ്‍ അഞ്ച് മുതല്‍ പിഴയീടാക്കും. ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ യാത്ര ചെയ്താല്‍ 1000 രൂപയാണ് പിഴ. ഇതിനു മുന്നോടിയായാണ് 10 വയസ്സില്‍ താഴെയുള്ള ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ ബൈക്കിലുണ്ടെങ്കില്‍ പിഴയില്‍ ഇളവു നല്‍കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിച്ചത്.

നാളെ മുതല്‍ ഹെല്‍മറ്റ് - സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അനധികൃത പാര്‍ക്കിങ്, ചുവപ്പ് സിഗ്നല്‍ ലംഘനം, മൂന്ന് പേരുമായി ഇരുചക്രവാഹന യാത്ര എന്നിവക്ക് പിഴ ചുമത്തും. 726 എഐ ക്യാമറകളാണ് വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിന് പുറമെ അമിതവേഗം കണ്ടെത്താന്‍ വാഹനങ്ങളില്‍ സ്ഥാപിച്ച 4 ക്യാമറകളുമുണ്ട്.

എഐ ക്യാമറാ പദ്ധതി മുഴുവന്‍ അഴിമതിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

പിഴ ഇങ്ങനെ

ഹെല്‍മറ്റില്ലാ യാത്ര- 500

മൂന്ന് പേരുടെ ബൈക്ക് യാത്ര- 1000

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം- 2000

സീറ്റ് ബെല്‍റ്റിടാതെ യാത്ര- 500

അമിത വേഗം-1500

അനധികൃത പാര്‍ക്കിങ്- 250


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News