കേന്ദ്ര കാബിനറ്റ് മന്ത്രിപദവിയും, മകന് ഉപമുഖ്യമന്ത്രി സ്ഥാനവും: ഏക്‌നാഥ് ഷിൻഡയെ മെരുക്കാൻ ബിജെപി

മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന്റെ വൻ വിജയത്തിനു പിന്നിൽ താൻ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളാണെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്‌

Update: 2024-11-27 05:54 GMT
Editor : rishad | By : Web Desk

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി കൊണ്ടുവരാന്‍ ബിജെപി ശക്തമായി തന്നെ രംഗത്ത്. ഇടഞ്ഞു നില്‍ക്കുന്ന ഏക്നാഥ് ഷിന്‍ഡെക്ക് വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്താണ് ബിജെപി രംഗത്തുള്ളത്. ആവശ്യപ്പെട്ട മഹായുതി കണ്‍വീനര്‍ സ്ഥാനത്തിന് പുറമെ കേന്ദ്രമന്ത്രി സഭയില്‍ കാബിനറ്റ് പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഇതോടൊപ്പം മകനെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തിന് പകരമായി മഹായുതി കണ്‍വീനര്‍ സ്ഥാനം ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മകന്‍ ശ്രീകാന്ത് ഷിന്‍ഡെ നിലവില്‍ എംപിയാണ്. കല്യാണ്‍ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. എന്‍സിപിയും(അജിത് പവാര്‍) ആര്‍എസ്എസും ഈ നിര്‍ദേശങ്ങളെ പിന്തുണക്കാനാണ് സാധ്യത. 

Advertising
Advertising

ഷിന്‍ഡേയ്ക്ക് കേന്ദ്രമന്ത്രി പദം അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം എന്നതാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതിന് ഷിന്‍ഡെ വഴങ്ങിയിട്ടില്ല. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വന്‍ വിജയത്തിനു പിന്നില്‍ താന്‍ നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണെന്നാണ് ഷിന്‍ഡെ അവകാശപ്പെടുന്നത്. 

അതേസമയം പുതിയ മുഖ്യമന്ത്രി ആരെന്നതിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത് ഷിൻഡെയുടെ നേതൃത്വത്തിലായതിനാൽ ഷിൻഡെ തൽസ്ഥാനത്ത് തുടരണമെന്ന നിലപാടിലാണ് ശിവസേനയിലെ നേതാക്കൾ.

അതേസമയം മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേര് ഉടൻ പ്രഖ്യാപിക്കും എന്നാണ് ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടി നിയമസഭാംഗങ്ങളെയും സഖ്യകക്ഷികളുടെ നേതാക്കളെ കാണാനും പുതിയ സർക്കാരിൽ മന്ത്രിസ്ഥാനങ്ങൾ പങ്കിടുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാക്കാനും ബിജെപി കേന്ദ്ര നേതൃത്വം നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News