ബോളിവുഡ് നടിയെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ്, പരിഹാസവുമായി ബി.ജെ.പി; സമൃതി ഇറാനിയെ ചെക്ക് വെച്ച് സോഷ്യല്‍ മീഡിയ

26 കാരിയായ ഉത്തർപ്രദേശിൽ നിന്ന് തന്നെയുള്ള നടിയും മോഡലുമായ അർച്ചന ഗൗതമാണ് കോൺഗ്രസിൻറെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്

Update: 2022-01-14 14:02 GMT
Advertising

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ സ്ഥാനാര്‍ഥി പട്ടികയിലെ സര്‍പ്രൈസ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് എതിര്‍കക്ഷികളും‌ സോഷ്യല്‍ മീഡിയയും. ഉന്നാവോ ഇരയുടെ അമ്മ മുതല്‍ യോഗി ആദിത്യനാഥിനെ ചോദ്യം ചെയ്ത ആശാ വർക്കറെ വരെ നിരത്തിയാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക. 

എന്നാല്‍ ഇപ്പോള്‍ വീണ്ടും കോണ്‍ഗ്രസ് പട്ടിക നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. കാരണം മറ്റൊന്നുമല്ല. സ്ഥാനാര്‍ഥി പട്ടികയില്‍ ബോളിവുഡ് നടിയും ഇടംപിടിച്ച പശ്ചാത്തലത്തിലാണ് കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. 26 കാരിയായ ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള നടിയും മോഡലുമായ അര്‍ച്ചന ഗൗതമാണ് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. ഹസ്തിനപൂർ മണ്ഡലത്തെയാകും താരം പ്രതിനിധീകരിക്കുക. 

Full View

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം അര്‍ച്ചനയ്ക്കെതിരെ വിദ്വേഷ ക്യാമ്പെയിനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സംഘപരിവാറിന്‍റെ സൈബര്‍ സെല്ലുകള്‍. താരത്തിന്‍റെ സിനിമകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് എതിര്‍കക്ഷികള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായ താരത്തിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ബി.ജെ.പി വരേണ്ടെന്ന മറുപടിയുമായി കോണ്‍ഗ്രസിന്‍റെ സൈബര്‍ അണികളും രംഗത്തെത്തിയിട്ടുണ്ട്.

അർച്ചന ഗൗതമിന് കോൺഗ്രസ് ടിക്കറ്റ് പ്രഖ്യാപിച്ചതിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ വളരെ മോശമായ രീതിയിലാണ് താരത്തിനെതിരെ പ്രചാരണം അഴിച്ചുവിടുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അര്‍ച്ചനക്കെതിരെ വ്യക്തിഹത്യയാണ് നടത്തുന്നതെന്നും താരത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍  വനിതാ ശിശു വികസന മന്ത്രിയും ബിജെപി നേതാവുമായ സമൃതി ഇറാനി പഴയ നടിയും മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്ത ആളാണെന്ന കാര്യം മറന്നുപോകരുതെന്നും തിരിച്ചടിച്ചു.

  

ഗ്രേറ്റ് ഗ്രാൻഡ് മസ്തി എന്ന ചിത്രത്തിലൂടെയാണ് അർച്ചന ഗൗതം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കുറച്ച് തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഹസീന പാർക്കർ, ബാരാത് കമ്പനി എന്നിവയാണ് അവളുടെ മറ്റ് രണ്ട് ഹിന്ദി ചിത്രങ്ങൾ.

സത്യ സാത്ത് നിഭാന, കുബൂൽ ഹേ, സിഐഡി തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.


അതേസമയം ഉത്തർപ്രദേശിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കോണ്‍ഗ്രസിന്‍റെ ആദ്യസ്ഥാനാര്‍ത്ഥി പട്ടിക പുറത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന അജണ്ടയെ കൃത്യമായി പ്രതിഫലിക്കുന്നതാണ് വൈവിധ്യം നിറഞ്ഞതും സാമൂഹിക പ്രാധാന്യം നിറഞ്ഞതുമായ പട്ടിക. ഉന്നാവോ ബലാത്സംഗക്കേസിലെ ഇരയുടെ അമ്മ മുതൽ സിഎഎ സമരനേതാവ്, ആദിവാസി നേതാവ്, യോഗി ആദിത്യനാഥിനെ ചോദ്യംചെയ്തതിന്റെ പേരിൽ ആക്രമണം നേരിട്ട ആശാവർക്കർ അടക്കം ഈ പട്ടികയിലൂടെ ബിജെപിക്കുള്ള കൃത്യമായ മുന്നറിയിപ്പ് തന്നെയാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കഴിഞ്ഞ ദിവസം 125 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്. സ്ഥാനാർത്ഥിപ്പട്ടികയിൽ 40 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പിച്ചും വനിതാ വോട്ടര്‍മാരെ പിടിക്കാനുള്ള നീക്കവു യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആരംഭിച്ചുകഴിഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News