യോഗിയുടെ റാലി വേദിക്ക് സമീപത്തേക്ക് കന്നുകാലികളെ അഴിച്ചു വിട്ട് കർഷക പ്രതിഷേധം

അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കര്‍ഷകരാണ് പ്രതിഷേധവുമായി എത്തിയത്

Update: 2022-02-23 04:07 GMT
Editor : Lissy P | By : Web Desk
Advertising

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് റാലി നടക്കുന്ന വേദിക്ക് സമീപത്തേക്ക് അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ അഴിച്ചുവിട്ട് കർഷകരുടെ പ്രതിഷേധം. ബാരാബങ്കിയിലെ റാലിക്ക് തൊട്ടുമുമ്പാണ് കർഷകർ നൂറുകണക്കിന് കന്നുകാലികളെ ഇങ്ങോട്ടേക്ക് ഓടിച്ചുവിട്ടത്. അലഞ്ഞുതിരിയുന്ന കന്നുകാലികളെ കൈകാര്യം ചെയ്യാൻ കർഷകർക്ക് ഇതല്ലാതെ വേറൊരു വഴിയുമില്ല എന്ന് കർഷക നേതാവ് രമൺദീപ് സിംഗ് മൻ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ അഞ്ച് വർഷമായി അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളുടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ യു.പി സർക്കാരിനും കഴിഞ്ഞില്ല. ഈ റാലിക്ക് മുമ്പ് ബി.ജെ.പി എന്ത് പരിഹാരമാണ് കൊണ്ടുവരുന്നതെന്ന് കർഷകർക്ക് കാണണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ ആഴ്ചയിലെ ഒരു വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിന് മറുപടി പറഞ്ഞത്. യു.പിയിൽ ബി.ജെ.പി അധികാരം നിലനിർത്തിയാൽ അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം പരിഹരിക്കുമെന്ന് മോദി പറയുന്ന വീഡിയോയാണ് യോഗി പങ്കുവെച്ചത്. അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മാർച്ച് 10 ന് ശേഷം പുതിയ സംവിധാനം ഉണ്ടാക്കും. പാൽ നൽകാത്ത കന്നുകാലികളുടെ ചാണകത്തിൽ നിന്ന് നിങ്ങൾക്ക് വരുമാനം നേടാനുള്ള സംവിധാനം ഉണ്ടാക്കുമെന്നും മോദി ഞായറാഴ്ച ഒരു റാലിയിൽ പറഞ്ഞിരുന്നു.

അതേ സമയം യോഗിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി.കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി സർക്കാർ വിഷയം അവഗണിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. യോഗി ആദിത്യനാഥും പ്രധാനമന്ത്രി മോദിയും തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് തെരുവ് പശുക്കളുടെ ശല്യത്തെ കുറിച്ച് ഓർക്കാൻ സമയം കണ്ടെത്തിയത്. യുപിയിലെ കന്നുകാലികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പുതിയ ബി.ജെ.പി അംഗങ്ങളുടെ എണ്ണത്തേക്കാൾ അഞ്ചിരട്ടി വർധിച്ചിട്ടുണ്ടാകുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

2019ൽ യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാന ബജറ്റിൽ പശുസംരക്ഷണ കേന്ദ്രങ്ങൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. പശുസംരക്ഷണ കേന്ദ്രങ്ങൾക്കായി ക്രമീകരണങ്ങൾ ചെയ്യാൻ ജില്ലാ ഭരണകൂടങ്ങളോടും മുനിസിപ്പൽ കോർപ്പറേഷനുകളോടും നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കൊണ്ട് കർഷകർ കൂടുതൽ ദുരിതത്തിലാകുകയാണ് ചെയ്തത്. വിളവുകൾ കന്നുകാലികൾ നശിപ്പിക്കാതിരിക്കാൻ ഉറക്കമില്ലാതെ കാവലിരിക്കുകയാണ് യു.പിയിലെ കർഷകർ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News