ഡൽഹി: വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ എന്നും ഓവർഹെഡ് കമ്പാർട്ടുമെന്‍റുകളിൽ(സീറ്റിന് മുകളിലുള്ള ലോക്കറിൽ) സൂക്ഷിക്കാൻ കഴിയില്ലെന്നും ഡിജിസിഎ നവംബറിൽ പുറത്തിറക്കിയ സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. വിമാനങ്ങളിൽ തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് ഡിജിസിഎ നിർദേശം.
വിമാനയാത്രയ്ക്കിടെ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് സര്‍ക്കുലറെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനക്കമ്പനികൾ നൽകുന്ന ഇൻ-സീറ്റ് പവർ സപ്ലൈ സിസ്റ്റങ്ങളിൽ പ്ലഗ് ചെയ്ത് പവർ ബാങ്കുകൾ ചാർജ് ചെയ്യുന്നതിനും യാത്രക്കാർക്ക് വിലക്കുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവര്‍ ബാങ്കിന് തീപിടിച്ചിരുന്നു. ഡൽഹിയിൽ നിന്നും നാഗാലാൻഡിലെ ദിമാപൂരിലേക്ക് പുറപ്പെടാനൊരുങ്ങിയ 6ഇ 2107 നമ്പർ വിമാനത്തിലായിരുന്നു സംഭവം. ടാക്സിയിങ്ങിനിടെയായിരുന്നു തീപിടിത്തം. യാത്രക്കാരന്‍റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവര്‍ ബാങ്കിനാണ് തീ പിടിച്ചത്. തുടര്‍ന്ന് ക്യാബിൻ ജീവനക്കാര്‍ ചേര്‍ന്ന് തീ കെടുത്തുകയായിരുന്നു.
ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും വ്യോമയാന നിരീക്ഷണ ഏജൻസിയെ അറിയിക്കണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പവർ ബാങ്കുകളും പോർട്ടബിൾ ഉപകരണങ്ങളും ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളെക്കുറിച്ച് അറിയിപ്പുകൾ നൽകണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് ചൂട്,പുക അല്ലെങ്കിൽ അസാധാരണമായ ഗന്ധം എന്നിവ അനുഭവപ്പെട്ടാൽ യാത്രക്കാര്‍ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കണമെന്ന് സര്‍ക്കുലറിൽ പറയുന്നു. ലിഥിയം ബാറ്ററി അപകടങ്ങളുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാ പ്രശ്‌നങ്ങളും സംഭവങ്ങളും എയർലൈനുകൾ ഉടൻ തന്നെ ഡിജിസിഎയെ അറിയിക്കണമെന്നും വ്യക്തമാക്കുന്നു.
വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നൽകിയിട്ടുണ്ട്. ടെർമിനൽ പ്രവേശന കവാടങ്ങൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ലിഥിയം ബാറ്ററി തീപിടുത്ത സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ സുരക്ഷാ സന്ദേശങ്ങളും വീഡിയോകളും പ്രദർശിപ്പിക്കണമെന്ന് ഡിജിസിഎ വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടു.
പവർ ബാങ്കുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് യാത്രക്കാരെ ബോധവൽക്കരിക്കുന്നതിന് എയർലൈനുകളുമായും മറ്റ് പങ്കാളികളുമായും സഹകരിക്കാൻ വിമാനത്താവളങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് അത്തരം ഉപകരണങ്ങൾ ചാർജ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ലിഥിയം ബാറ്ററിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന് എമിറേറ്റ്‌സ്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളും രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പവർ ബാങ്കുകളിൽ ലിഥിയം- അയൺ സെല്ലുകൾ അടങ്ങിയിട്ടുണ്ട്. ഇവ ചാര്‍ജ് ചെയ്ത് പിന്നീട് മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങൾ ചാര്‍ജ് ചെയ്യാൻ കഴിയുമെങ്കിലും പലപ്പോഴും കൃത്യമായ പരിശോധനകളോ ഗുണനിലവാര സർട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് ഇവ വിൽക്കുന്നതെന്ന വിമർശനമുണ്ട്.