''നല്ലൊരു കാര്യം ചെയ്തിട്ട് പകരം കിട്ടിയത് ഇതാണ്; എന്റെ കുഞ്ഞുങ്ങളെ ഇനി എന്തുചെയ്യും? മരണം മാത്രമാണു മുന്നിലുള്ളത്''
രാജ്യമൊന്നാകെ ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോഴായിരുന്നു വകീൽ ഹസ്സൻ ഉൾപ്പെടുന്ന ഖനന തൊഴിലാളി സംഘം ദുരന്തമുഖത്തേക്ക് എടുത്തുചാടിയത്
ന്യൂഡൽഹി: ''എന്തിനിത് എന്നോട് ചെയ്തുവെന്നു മനസിലാകുന്നില്ല. രാജ്യത്തിനു വേണ്ടി ഇത്രയും നല്ലൊരു കാര്യം ചെയ്തിട്ട് എനിക്കു പകരം കിട്ടിയത് ഇതാണ്. എന്റെ വീട് ഇടിച്ചുനിരപ്പാക്കി അവർ. ഇനി എന്റെ കുട്ടികളെ എങ്ങോട്ടു കൊണ്ടുപോകും? ഒരു വീട് എങ്ങനെയാണ് ഞാനിനി വാങ്ങുക? മരണം മാത്രമാണു മുന്നിലുള്ള വഴി.''
ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ അതിസാഹസികമായി ജീവിതത്തിന്റെ വെളിച്ചത്തിലേക്കു തിരിച്ചുകൊണ്ടുവന്ന രക്ഷാപ്രവർത്തകരെ രാജ്യം ആഘോഷിച്ചിട്ട് അധികം നാളായിട്ടില്ല. രാജ്യമൊന്നാകെ പ്രാർത്ഥനയോടെ കൈകൂപ്പിനിന്ന നിമിഷങ്ങളിലാണ് റാറ്റ്-ഹോള്‍ ഖനന തൊഴിലാളികളായ ആ സന്നദ്ധ സംഘം തുരങ്കത്തിന്റെ ഇരുട്ടിൽ അകപ്പെട്ട മനുഷ്യരെ സ്വന്തം ജീവൻ പണയംവച്ചും ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയത്. എന്നാൽ, രക്ഷാദൗത്യത്തിൽ പ്രധാന പങ്കുവഹിച്ചൊരു തൊഴിലാളിക്ക് രാജ്യം ഇപ്പോൾ പകരം നൽകിയതാണു മുകളിൽ പറഞ്ഞ വാക്കുകൾ. വകീൽ ഹസ്സൻ എന്ന ഖനിത്തൊഴിലാളി ആയുഷ്‌ക്കാലം കൊണ്ട് വിയർപ്പൊഴിച്ചുണ്ടാക്കിയ വീട് ഇടിച്ചുപൊളിച്ചിരിക്കുകയാണ് ഡൽഹി നഗരസഭാ ഭരണകൂടം. അനധികൃത കൈയേറ്റം ആരോപിച്ചാണ് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി(ഡി.ഡി.എ) ഖജൂരി ഖാസിലുള്ള വകീൽ ഹസ്സന്റെ വീട് ബുൾഡോസർ ഉപയോഗിച്ചു തകർത്തുകളഞ്ഞത്.
തകർന്നടിഞ്ഞ വീടിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണിപ്പോൾ അദ്ദേഹം. എന്തിനിതു ചെയ്യുന്നുവെന്ന് വീട് പൊളിക്കാനെത്തിയവരോട് ഞാൻ ചോദിച്ചിരുന്നു. എന്നാൽ, ഒന്നും പ്രതികരിക്കാനോ എന്തെങ്കിലും നോട്ടിസ് കാണിക്കാനോ അവർ തയാറായില്ലെന്നാണ് വകീൽ വെളിപ്പെടുത്തിയത്.
കടുത്ത നടപടിക്കു പുറമെ വകീലിന്റെ കുടുംബത്തോട് അധികൃതർ പെരുമാറിയതും ക്രൂരമായിരുന്നു. തന്നെയും മക്കളെയും ഭാര്യയെയുമെല്ലാം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി അവിടെ മണിക്കൂറുകളോളം ഇരുത്തിയെന്ന് അദ്ദേഹം പറയുന്നു. പ്രായപൂർത്തിയാകാത്ത മകൾ ഉൾപ്പെടെ കുട്ടികളെ മർദിച്ചു പരിക്കേൽപിക്കുകയും ചെയ്തതായി വക്കീൽ ഹസ്സൻ ആരോപിച്ചു.
ലോകം മുഴുവൻ തങ്ങളെ പ്രകീർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണിതെല്ലാം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപാട് കടങ്ങളുണ്ട്. കുട്ടികൾക്ക് തിന്നാൻ കൊടുക്കണം. ഇനി എന്തു ചെയ്യുമെന്ന് അറിയില്ലെന്നും വക്കീൽ ഹുസൈൻ കൂട്ടിച്ചേർത്തു. ദൗത്യസംഘത്തിൽ വകീലിനൊപ്പമുണ്ടായിരുന്ന മുന്ന ഖുറേഷിയും പൊലീസിനെതിരെ ആരോപണമുയർത്തി. വീട് പൊളിച്ചുനീക്കിയതിനു പിന്നാലെ ഇവർക്കെതിരെ പൊലീസ് അതിക്രമവും നടന്നതായി മുന്ന പറഞ്ഞു.
നഗരത്തിലെ വികസന പദ്ധതികളുടെ ഭാഗമായ പ്രദേശത്താണു വീടുണ്ടായിരുന്നതെന്നും ഇതിനാലാണു പൊളിച്ചുനീക്കിയതെന്നുമാണ് ഡി.ഡി.എ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചത്. ഖജൂരി ഖാസിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബുൾഡോസർ നടപടി നടന്നതെന്നും അതോറിറ്റി വൃത്തങ്ങൾ വാദിച്ചു.
കഴിഞ്ഞ നവംബറിലായിരുന്നു ഉത്തരാഖണ്ഡിലെ സിൽക്ക്യാര തുരങ്കത്തിൽ നിർമാണപ്രവൃത്തിക്കിടെ മണ്ണിടിഞ്ഞു തൊഴിലാളികൾ കുടുങ്ങിയത്. സൈനിക സംഘം ഉൾപ്പെടെ സർവസജ്ജരായ സർക്കാർ ദൗത്യസംഘങ്ങൾ ഇറങ്ങിയിട്ടും രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല. മണിക്കൂറുകൾ ദിവസങ്ങളായിട്ടും ദിവസങ്ങൾ ആഴ്ചകളായിട്ടും സർക്കാർ സംവിധാനങ്ങളെല്ലാം ഒന്നും ചെയ്യാനാകാതെ കൈമലർത്തിനിൽക്കുകയായിരുന്നു.
രാജ്യമൊന്നാകെ ആശങ്കയുടെ മുൾമുനയിൽ നിൽക്കുമ്പോഴായിരുന്നു വകീൽ ഹസ്സൻ ഉൾപ്പെടുന്ന ഖനന തൊഴിലാളി സംഘം ദുരന്തമുഖത്തേക്ക് എടുത്തുചാടിയത്. ഒടുവിൽ സ്വന്തം കരങ്ങൾ കൊണ്ടു തുരങ്കം കുഴിച്ച് ആ ചെറുസംഘം 41 പേരെയും പുറംലോകത്തിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തി. മരണം മുന്നിൽകണ്ട 17 ദിവസത്തിനുശേഷം ജീവശ്വാസം തിരിച്ചുകിട്ടി തൊഴിലാളികൾ പുറത്തിറങ്ങിയത് വിസ്മയത്തോടെയും സമാശ്വാസത്തോടെയുമായിരുന്നു ലോകം കണ്ടുനിന്നത്.
ഇതോടൊപ്പം രക്ഷാപ്രവർത്തനത്തിനുള്ള പ്രതിഫലമായി ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ച സഹായധനം ഖനിത്തൊഴിലാളികൾ നിരസിച്ചതും വാർത്തയായിരുന്നു. സംഘത്തിലുണ്ടായിരുന്ന വകീൽ ഹസ്സൻ ഉൾപ്പെടെ ആറുപേർ ഡൽഹിയിലെ ഖജൂരി ഖാസിലാണു താമസിക്കുന്നത്. ബാക്കിയുള്ളവർ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശികളുമാണ്. കഴിഞ്ഞ ദിവസമാണ് ഡി.ഡി.എ സംഘം ഒരു നോട്ടിസോ മുന്നോറിയിപ്പോ ഒന്നുമില്ലാതെ ഇവരുടെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറി ക്രൂരകൃത്യം നടത്തിയത്. വിയർപ്പൊഴുക്കി ജീവിതം കൊണ്ട് സമ്പാദിച്ചതത്രയും നിമിഷങ്ങൾക്കകം പൊടിപടലങ്ങളാളിത്തീർന്നതു നിസ്സഹായമായി നോക്കിനിൽക്കാൻ മാത്രമാണ് വകീൽ ഹസ്സനായത്.
Summary: ''we did such good work but in return, my own house has been razed. Where will I take my children...it is very difficult to earn a living, how will I buy a house?...the only option left for us is to die: Uttarakhand rat-hole miner Wakeel Hassan says his house razed without notice