Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
കൊൽക്കത്ത: കൊൽക്കത്തയിൽ മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സംഘർഷം. കുറഞ്ഞ സമയം മാത്രമാണ് മെസ്സി സ്റ്റേഡിയത്തിൽ ചെലവഴിച്ചത്. ഇതിനെ തുടർന്ന് മെസ്സിയെ ശരിയായി കാണാൻ സാധിച്ചില്ല എന്ന ആക്ഷേപം ഉയർത്തി ആരാധകർ സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറി സ്റ്റേഡിയം നശിപ്പിച്ചു. കൊൽക്കത്തയിലെ സാൾട് ലേയ്ക്ക് സ്റ്റേഡിയത്തിൽ നടന്ന അരമണിക്കൂറോളം നീണ്ടുനിന്ന സന്ദർശത്തിനിടെ അർജന്റീനിയൻ താരത്തെ ഒരു നോക്ക് കാണാൻ പോലും ആരാധകർക്ക് കഴിഞ്ഞില്ല.
ആരാധക രോഷത്തിന് പിന്നാലെ മെസ്സിയോടും ആരാധകരോടും ക്ഷമാപണം നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജീ. സംഘാടകരുടെ കെടുകാര്യസ്ഥതയിൽ താൻ ഞെട്ടിപ്പോയെന്നും ഇത്തരമൊരു സംഭവത്തിന് കാരണമായത് എന്താണെന്ന് അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു. അതേസമയം, മമതക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
മൂന്ന് ദിവസത്തെ ഇന്ത്യാ പര്യടനത്തിന്റെ ആദ്യ പാദത്തിനായി ഇന്ന് പുലർച്ചെയാണ് മെസ്സിയും സംഘവും കൊൽക്കത്തയിലെത്തിയത്. നഗരത്തിലെ തന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് മെസ്സി സ്റ്റേഡിയത്തിലെത്തിയത്. മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ ഇന്റർ മയാമി സഹതാരങ്ങളായ ലൂയിസ് സുവാരസും, അർജന്റീനിയൻ സഹതാരം റോഡ്രിഗോ ഡി പോളും ഒപ്പമുണ്ടായിരുന്നു. ഡിസംബർ 13 മുതൽ 15 വരെ ഇന്ത്യ സന്ദർശനം നടത്തുന്ന മെസ്സി നാല് പ്രധാന നഗരങ്ങൾ സന്ദർശിക്കും. കൊൽക്കത്തയ്ക്ക് പുറമെ ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളാണ് മെസ്സി സന്ദർശിക്കുക.