'ജനുവരി 6ന് ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും'; 99 % സാധ്യതയെന്ന് കോൺഗ്രസ് എംഎൽഎ

ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹുസൈൻ പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2025-12-14 02:23 GMT
Editor : Jaisy Thomas | By : Web Desk

Photo| PTI

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയ്ക്ക് പകരം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ജനുവരി 6 ന് ചുമതലയേൽക്കുമെന്ന് കോൺഗ്രസ് എംഎൽഎ എച്ച്.എ ഇക്ബാൽ ഹുസൈൻ. ശിവകുമാറിന് മുഖ്യമന്ത്രി കസേരയിൽ അവസരം നൽകണമെന്ന് രാമനഗര എംഎൽഎ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

"ജനുവരി 6 ന് അദ്ദേഹം മുഖ്യമന്ത്രിയാകാൻ 99 ശതമാനം സാധ്യതയുമുണ്ട്," ഉപമുഖ്യമന്ത്രിക്കുള്ള തന്‍റെ പിന്തുണ ആവർത്തിച്ച് ഹുസൈൻ പറഞ്ഞു. എന്താണ് ഈ തിയതിയുടെ പ്രത്യേകത എന്ന് ചോദിച്ചപ്പോൾ "എനിക്കറിയില്ല. ഇത് ഒരു റാൻഡം നമ്പർ മാത്രമാണ്. എല്ലാവരും ഇത് പറയുന്നുണ്ട്. ഇത് ജനുവരി 6 അല്ലെങ്കിൽ 9 ആകാം. ഇവയാണ് രണ്ട് തിയതികൾ." എന്നായിരുന്നു ഹുസൈന്‍റെ പ്രതികരണം. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹുസൈൻ പല തവണ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ദിവസം മുമ്പ് തന്‍റെ ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Advertising
Advertising

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ പിന്തുണക്കുന്നതായി കേന്ദ്ര റെയിൽവേ സഹമന്ത്രിയും ബിജെപി എംപിയുമായ വി. സോമണ്ണ പറഞ്ഞു. "അധികാരം ലഭിക്കുന്നത് ഭാഗ്യമാണ്. പരമേശ്വര ആഭ്യന്തരമന്ത്രിയായി തുടരുമെന്ന് ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എനിക്ക് മാത്രമല്ല, തുമകൂരുവിലെ ജനങ്ങൾക്കും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണണമെന്ന ആഗ്രഹമുണ്ട്."തുമകൂരുവിൽ ഒരു പരിപാടിയിൽ സംസാരിക്കവെ സോമണ്ണ പറഞ്ഞു.

ശിവകുമാര്‍ ശക്തനായ ഒരു മത്സരാര്‍ഥിയല്ലേ എന്ന് ചോദിച്ചപ്പോൾ "അത് വിടൂ. അത് രണ്ടാം സ്ഥാനത്താണ്. ശിവകുമാർ എന്തായിത്തീരാൻ ആഗ്രഹിക്കുന്നു എന്നത് അദ്ദേഹത്തിന്‍റെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു" എന്നായിരുന്നു സോമണ്ണയുടെ പ്രതികരണം.

അതേസമയം ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്ന് ഡൽഹിയിൽ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ശനിയാഴ്ച വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ് നടത്തുന്ന 'വോട്ട് ചോർ ഗഡ്ഡി ഛോഡ്' പ്രചാരണത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്നു മെഗാ റാലിക്ക് ശേഷമായിരിക്കും യോഗം നടക്കുകയെന്ന് വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 140 എംഎൽഎമാരുടെ പിന്തുണയുണ്ട്.

നവംബർ 20നാണ് കോൺഗ്രസ് സർക്കാർ രണ്ടര വര്‍ഷം പിന്നിട്ടത്. അഞ്ച് വർഷത്തെ കാലാവധിയുടെ പകുതി പിന്നിട്ടതിനുശേഷം നേതൃത്വപരമായ തർക്കം രൂക്ഷമായി. പാർട്ടിയോ ഇരു നേതാക്കളോ ഇതിനെക്കുറിച്ചോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News