വത്തിക്കാൻ സിറ്റി മാതൃകയിൽ റാഞ്ചിയിൽ ദുര്‍ഗാപൂജ പന്തൽ; പ്രതിഷേധവുമായി വിഎച്ച്പി
സംഘാടകർ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താനും മതപരിവർത്തനം പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചുവെന്നാണ് ആരോപണം
റാഞ്ചിയിൽ വത്തിക്കാൻ സിറ്റി മാതൃകയിൽ നിര്‍മിച്ച ദുര്‍ഗാപൂജ പന്തൽ Photo|PTI
റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചിയിൽ വത്തിക്കാൻ സിറ്റി മാതൃകയിൽ ദുര്‍ഗാപൂജ പന്തൽ നിര്‍മിച്ചതിനെതിരെ വിഎച്ച്പി പ്രതിഷേധം. സംഘാടകർ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്താനും മതപരിവർത്തനം പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചുവെന്നാണ് ആരോപണം. ആരോപണങ്ങൾ സംഘാടക സമിതി തള്ളി.
പന്തലിന്‍റെ പ്രവേശന കവാടത്തിൽ ക്രിസ്ത്യൻ ചിഹ്നങ്ങളും കന്യാമാതാവിന്‍റെയും മറ്റ് ക്രിസ്ത്യൻ രൂപങ്ങളും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു. ക്രിസ്ത്യൻ ചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന് ബൻസൽ സംഘാടകരോട് ആവശ്യപ്പെട്ടു. "അവർക്ക് മതേതരത്വത്തിൽ അത്രയധികം താൽപ്പര്യമുണ്ടെങ്കിൽ, പള്ളി സംഘടിപ്പിക്കുന്ന ഏതെങ്കിലും പരിപാടിയിലോ റാഞ്ചിയിലെ മദ്രസകളിലോ ഒരു ഹിന്ദു ദൈവത്തെ പ്രദർശിപ്പിക്കാൻ ഞാൻ അവരോട് ആവശ്യപ്പെടും," അദ്ദേഹം പറഞ്ഞു. വിഎച്ച്പിയുടെ ജാർഖണ്ഡ് യൂണിറ്റ് ഈ വിഷയത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022ല്‍ വത്തിക്കാന്‍ സിറ്റിയുടെ പ്രമേയത്തില്‍ കൊല്‍ക്കത്തയില്‍ ശ്രീഭൂമി സ്‌പോര്‍ട്ടിംഗ് ക്ലബ് നിര്‍മ്മിച്ച ദുര്‍ഗാ പൂജ പന്തലിന്റെ മാതൃകയിലാണ് ആര്‍ആര്‍ സ്പോര്‍ടിംഗ് ക്ലബ് പന്തൽ നിര്‍മിച്ചിരിക്കുന്നത്. ദുര്‍ഗാ ദേവിയെ പശ്ചാത്തലമാക്കി സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയും വത്തിക്കാൻ മ്യൂസിയവും പുനർനിർമിക്കാൻ സംഘാടകർ കൊൽക്കത്തയിൽ നിന്നുള്ള കരകൗശല വിദഗ്ധരെയാണ് നിയോഗിച്ചത്. ക്ലബ് പ്രസിഡന്‍റ് വിക്കി യാദവ് വിഎച്ച്പിയുടെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. "ഞങ്ങൾ 50 വർഷമായി ദുർഗ്ഗാ പൂജ സംഘടിപ്പിക്കുകയും എല്ലാ വർഷവും ഒരു പുതിയ തീം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഈ വർഷത്തെ വത്തിക്കാൻ സിറ്റി പന്തലിന് റാഞ്ചി നിവാസികളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്," അദ്ദേഹം പറഞ്ഞു.
"നമ്മൾ ഒരു മതേതര രാജ്യത്താണ് ജീവിക്കുന്നത്, എല്ലാ സമുദായങ്ങളിലെയും ആളുകൾ ദുർഗ്ഗാ പൂജ ആസ്വദിക്കുന്നു. വേദ പാരമ്പര്യമനുസരിച്ചാണ് ഞങ്ങൾ ആചാരങ്ങൾ അനുഷ്ഠിക്കുന്നത്, വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ല", റാഞ്ചി സില ദുർഗ്ഗാ പൂജ സമിതിയുടെ തലവൻ കൂടിയായ യാദവ് കൂട്ടിച്ചേർത്തു.